അങ്കമാലി: സിപിഎം ചുള്ളി ബ്രാഞ്ച് സെക്രട്ടറിയുടെ വീട് മാരകായുധങ്ങളുമായി എത്തിയ സംഘം അടിച്ചു തകർത്തതായി പരാതി. മർദനത്തിൽ ഗർഭിണിയടക്കം അഞ്ചു പേർക്ക് പരിക്കേറ്റു. ആക്രമണത്തിനു പിന്നിൽ ഡിവൈഎഫ്ഐ എന്നു പോലീസ്.
മഞ്ഞപ്ര ചുള്ളി നെടും കോട് പൈനാടത്ത് വീട്ടിൽ കുര്യാക്കോസ് (59), ഭാര്യ ആനി (54) മകൻ സോമി (32) സോമിയുടെ സുഹൃത്ത് ഓലി പറമ്പിൽ വീട്ടിൽ വിശാഖ് ബൈജു (21), കുര്യാക്കോസിന്റെ സഹോദരിയുടെ മകൾ ലിൻസി സിജോ (24) എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്കും കാലിനും വെട്ടേറ്റ സോമിയും വിശാഖും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. എട്ടു മാസം ഗർഭിണിയായ ലിൻസിയെ മെറ്റേണൽ ഐസിയുവിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി പത്തരയോടെയാണ് ഒരു സംഘം ആളുകൾ വടിവാളും മാരകായുധങ്ങളുമായി വീട്ടിലേക്കു അതിക്രമിച്ച് കയറിയതെന്ന് കുര്യാക്കോസ് പറയുന്നു. അക്രമിസംഘം വീട്ടുപകരണങ്ങൾ തല്ലിത്തകർക്കുകയും ആക്രമണം നടത്തുകയുമായിരുന്നുവെന്നും മകനെയും സുഹൃത്തിനെയും ആ ക്രമിക്കുന്നത് തടയാനെത്തിയവർക്കും മർദ്ദനമേറ്റുവെന്നും കുര്യാക്കോസ് പറഞ്ഞു.
വീടിനു സമീപത്ത് നടന്ന ഗാനമേളയോടനുബന്ധിച്ചുണ്ടായ വാക്കുതർക്കമാണ് വീടുകയറിയുള്ള ആക്രമണത്തിൽ കലാശിച്ചതെന്നും ഡിവൈഎഫ്ഐ സംഘമാണ് പിന്നിലെന്നും കാലടി എസ് ഐ ഷോജോ വർഗീസ് രാഷ്ട്രദീപികയോടു പറഞ്ഞു.