തിരുവനന്തപുരം: കനത്ത ചൂടിനെത്തുടർന്നു സംസ്ഥാനത്തെ തൊഴിൽ സമയങ്ങളിൽ മാറ്റം വരുത്തും. ഇതുസംബന്ധിച്ച ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും. വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ തൊഴിലാളികൾക്കു സൂര്യാഘാതമേറ്റതായി ജില്ലാ കളക്ടർമാർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പകൽസമയത്ത് തൊഴിൽ സമയത്തിൽ മാറ്റം വരുത്താനുള്ള നടപടികളുമായി സംസ്ഥാന ലേബർ കമ്മീഷണറേറ്റ് നടപടി സ്വീകരിച്ചത്.
ഫെബ്രുവരിയിൽ തന്നെ ക്രമാതീതമായി താപനില ഉയരുന്നതിനാൽ വേനൽച്ചൂട് രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണു കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ സൂചന. ഈ സാഹചര്യത്തിൽ തൊഴിലാളികൾക്കു സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത കൂടുതലാണ് . പകൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്നുവരെ വിശ്രമവേളയാകുന്ന വിധമാ ണു ക്രമീകരണം വരിക. പകൽസമയത്ത് ജോലി എട്ടു മണിക്കൂർ എന്നുള്ളത് രാവിലെ എഴു മുതൽ വൈകുന്നേരം ഏഴു വരെയുള്ള സമയത്തിനുള്ളിൽ എട്ടു മണിക്കൂറായി നിജപ്പെടുത്തും.
രാവിലെയും ഉച്ചയ്ക്കു ശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലിസമയം ഉച്ചയ്ക്ക് 12 ന് അവസാനിക്കുകയും വൈകുന്നേരം മൂന്നിന് ആരംഭിക്കുകയും ചെയ്യുന്ന വിധം ക്രമീകരിക്കണം. സമുദ്രനിരപ്പിൽ നിന്നു 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാത സാധ്യത ഇല്ലാത്ത മേഖലകളെ മുൻവർഷങ്ങളിൽ തൊഴിൽ ക്രമീകരണങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു.കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇൗ വർഷം ഫെബ്രുവരിയിൽ വൻ ചൂടാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരത്ത് 2018 ഫെബ്രുവരി 23ന് 31 ഡിഗ്രി സെൽഷസ് താപനിലയാണ് അനുഭവപ്പെട്ടത്. എന്നാൽ, ഈ മാസം ഇത് 35 ഡിഗ്രിക്കു മുകളിലേക്ക് ഉയർന്നു.
പുനലൂരും പാലക്കാട്ടും സമാനമായ രീതിയിൽ താപനില ഉയരുകയാണ്. ഈ പശ്ചാത്തലത്തിലാണ് അടിയന്തരമായി പകൽസമയത്ത് ജോലിയിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിറക്കുന്നത്. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണു മുൻകാലങ്ങളിൽ തൊഴിൽ സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. കാലാവസ്ഥയിൽ മാറ്റമുണ്ടായാൽ നിയന്ത്രണം നേരത്തേപിൻവലിക്കും. ശീത കാലമഴ 30 ശതമാനത്തോളം കുറവാണ് ഇക്കുറി സംസ്ഥാനത്ത്. ഇതും ചൂടിനു കാരണമാകുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
തോമസ് വർഗീസ്