അതിര്‍ത്തി കടന്ന് പാക്കിസ്ഥാന് മറുപടി നല്കാന്‍ തീരുമാനമെടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട്, തീരുമാനം അറിഞ്ഞത് മന്ത്രി രാജ്‌നാഥ് സിംഗും സൈനിക മേധാവികള്‍ക്കും മാത്രം, 21 മിനിറ്റ് ആക്രമണത്തില്‍ പാക്കിസ്ഥാന്‍ ഞെട്ടിവിറച്ചത് ഇങ്ങനെ

പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികരെ പാക് ഭീകരര്‍ കൊന്നൊടുക്കിയത് മുതല്‍ ഒരു തിരിച്ചടി പാക്കിസ്ഥാന്‍ പ്രതീക്ഷിച്ചിരുന്നു. നയതന്ത്ര തലത്തിലൂടെ ഇന്ത്യ തിരിച്ചടി തുടങ്ങിയപ്പോള്‍ പാക് സര്‍ക്കാര്‍ ആശ്വസിച്ചതാണ്. ഇന്ത്യ സൈനികശക്തിയിലൂടെ തിരിച്ചടിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. എന്നാല്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ മിറാഷ് യുദ്ധവിമാനങ്ങളില്‍ പറന്നെത്തി ഇന്ത്യന്‍ സൈന്യം പാക് അധീന കാഷ്മീരില്‍ ആഞ്ഞടിച്ചപ്പോള്‍ പാക്കിസ്ഥാന്‍ ഞെട്ടിവിറച്ചിരിക്കുകയാണ്.

പാക് അധീന കാഷ്മീരില്‍ ആക്രമണം നടത്താന്‍ രണ്ടുദിവസം മുമ്പ് ഇന്ത്യ തീരുമാനം എടുത്തിരുന്നതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍. പ്രധാനമനന്ത്രി നരേന്ദ്രമോദി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ എന്നിവര്‍ക്കൊപ്പം സൈനിക മേധാവിമാര്‍ക്ക് മാത്രമാണ് ആക്രമണ പദ്ധതിയുടെ വിവരങ്ങള്‍ മുന്‍കൂട്ടി അറിയാമായിരുന്നത്.

കുറച്ചു സമയത്തിനുള്ളില്‍ കൂടുതല്‍ ഭീകര്യക്യാംപുകള്‍ തകര്‍ക്കുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് ആക്രമണപദ്ധതി തയാറാക്കിയത്. ഇതിനായി ഭീകരക്യാംപുകളുടെ വിദൂര സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളും ഉപയോഗപ്പെടുത്തിയിരുന്നു. ഭീകരരെ മാത്രം ലക്ഷ്യംവച്ച് സാധാരണക്കാര്‍ക്ക് ജീവഹാനി ഉണ്ടാകാത്ത രീതിയില്‍ ആക്രമണം നടത്തുകയെന്ന നിര്‍ദേശമാണ് പ്രധാനമന്ത്രി നല്കിയത്.

മുമ്പ് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പാക് അധീന കാഷ്മീരില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു. ഇത്തവണയും കാര്യമായ സമയമെടുക്കാതെ കിട്ടുന്ന സമയത്തില്‍ കൂടുതല്‍ പ്രഹരം നല്കുകയാണ് വ്യോമസേന ചെയ്തത്. തുരുതുര ഉണ്ടായ ആക്രമണത്തില്‍ പാക് സൈന്യം ആലസ്യത്തില്‍ നിന്ന് ഉണരും മുമ്പേ ദൗത്യം പൂര്‍ത്തീകരിച്ച് ഇന്ത്യയുടെ 12 മിറാഷ് വിമാനങ്ങളും തിരികെ മടങ്ങി.

സൈനികനടപടിയുടെ വിവരങ്ങള്‍ പ്രധാനമന്ത്രി മോദിയും രാജ്‌നാഥ് സിംഗും അപ്പപ്പോള്‍ അറിയുന്നുണ്ടായിരുന്നു. അജിത്ത് ഡോവലും മറ്റ് സൈനിക മേധാവികളും ഒപ്പമുണ്ടായിരുന്നുവെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആക്രമണത്തില്‍ വിറച്ച പാക്കിസ്ഥാന്‍ ഇന്ത്യയെ കൂടുതല്‍ ആക്രമണങ്ങളില്‍ നിന്ന് തടയണമെന്ന് മറ്റ് സുഹൃത്ത് രാഷ്ട്രങ്ങളോട് അഭ്യര്‍ഥിച്ചതായും വിവരമുണ്ട്.

Related posts