കൊച്ചി: 37 വർഷം മുന്പു ബാലറ്റ് പെട്ടികളുടെ ഇടയിലേക്കു പത്രാസോടെയായിരുന്നു വോട്ടിംഗ് യന്ത്രത്തിന്റെ കടന്നുവരവ്. പക്ഷേ, എൻട്രി ഒട്ടും പഞ്ചായില്ല. തുടക്കംതന്നെ പിഴച്ചു. 1982 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ പറവൂർ മണ്ഡലത്തിലായിരുന്നു രാജ്യത്തെ തന്നെ ആദ്യ പരീക്ഷണം. 84 ബൂത്തുകളിൽ അന്പതിടത്തു പെട്ടി മാറ്റി വോട്ടിംഗ് യന്ത്രം ഉപയോഗിക്കാൻ തീരുമാനിച്ചു. യന്ത്രം തികയാത്തതുകൊണ്ടാണു മറ്റു ബൂത്തുകൾ ഒഴിവാക്കിയത്.
വോട്ടിംഗ് മെഷീന്റെ കാര്യത്തിൽ പാർട്ടിക്കാർ എതിർപ്പു പ്രകടിപ്പിച്ചെങ്കിലും തെരഞ്ഞെടുപ്പു കമ്മീഷൻ ഉറച്ചുനിന്നു. പോളിംഗ് നടന്നു. ബാലറ്റ് പേപ്പറിൽ സീലു കുത്തി സമ്മതിദാനാവകാശം വിനിയോഗിക്കുന്നവരുടെ ഇടയിൽ ബട്ടണിൽ ഞെക്കി വോട്ട് ചെയ്ത് പറവൂർകാർ ചരിത്രത്തിന്റെ ഭാഗമായി.
കോണ്ഗ്രസിലെ എ.സി. ജോസും സിപിഐയിലെ എൻ. ശിവൻപിള്ളയുമായിരുന്നു പ്രധാന സ്ഥാനാർഥികൾ. പോളിംഗും വോട്ടെണ്ണലും രാജ്യം മുഴുവൻ സാകൂതം വീക്ഷിച്ചു. ഫലം വന്നപ്പോൾ ജയിച്ചത് ശിവൻപിള്ള. ഭൂരിപക്ഷം 123. എംഎൽഎമാരുടെ ഇടയിൽ താരമായി ശിവൻപിള്ള തിളങ്ങി. വിശേഷങ്ങൾ അവിടെ തീർന്നില്ല. വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് എ.സി. ജോസ് കോടതിയിലെത്തി.
ബൂത്തുകളിൽ തനിക്കു ലഭിച്ച വോട്ട് ശരാശരിയിൽ ബാലറ്റ് പേപ്പറും യന്ത്രവും ഉപയോഗിച്ചിടങ്ങൾ തമ്മിൽ കാര്യമായ വ്യത്യാസമുണ്ടെന്ന് അദ്ദേഹം വാദിച്ചു. ജനപ്രാതിനിധ്യ നിയമപ്രകാരം (1951) “ബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്തണം’ എന്നാണു പറഞ്ഞിട്ടുള്ളതെന്നും വോട്ടിംഗ് മെഷീൻ ഉപയോഗിക്കുന്നതിനെ അംഗീകരിച്ചിട്ടില്ലെന്നും വാദമുണ്ടായി.
സുപ്രീംകോടതി ജോസിന്റെ വാദം അംഗീകരിച്ചതോടെ തെരഞ്ഞെടുപ്പ് അസാധുവായി. അതിനിടെ രണ്ടുവർഷം പിന്നിട്ടിരുന്നു. വോട്ടിംഗ് മെഷീൻ ഉപയോഗിച്ച 50 ബൂത്തുകളിൽ മാത്രമായി 1984ൽ വീണ്ടും തെരഞ്ഞെടുപ്പ്. മെഷീനു പകരം ബാലറ്റ് പെട്ടി. മുഖ്യസ്ഥാനാർഥികൾ എ.സി. ജോസും ശിവൻപിള്ളയും. ആ തെരഞ്ഞെടുപ്പും രാജ്യം മുഴുവൻ ഉറ്റുനോക്കി. പെട്ടി പൊട്ടിച്ച് എണ്ണിയപ്പോൾ ശിവൻപിള്ള തോറ്റു. എ.സി. ജോസിനു 1446 വോട്ടിന്റെ ജയം.
വോട്ടിംഗ് യന്ത്രം പഴി കേട്ടെങ്കിലും പിൻവാങ്ങിയില്ല. വോട്ടിംഗ് മെഷീനിലും നിയമത്തിലും പിന്നീടു മാറ്റങ്ങളുണ്ടായി. രാജസ്ഥാനിലും മധ്യപ്രദേശിലും ഡൽഹിയിലും പരിമിതമായ ബൂത്തുകളിൽ പരീക്ഷണങ്ങൾ തുടർന്നു. 1999 ൽ ഗോവയിലെ മുഴുവൻ മണ്ഡലങ്ങളിലും വോട്ടിംഗ് യന്ത്രം ഉപയോഗിച്ചു.
നിലവിൽ തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ പൂർണമായും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നു. വോട്ട് ഉദ്ദേശിച്ച സ്ഥാനാർഥിക്കു ലഭിച്ചെന്നു വോട്ടർക്ക് ഉറപ്പുവരുത്താനാവുന്ന വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ (വിവിപാറ്റ്) സംവിധാനം കൂടി ഘടിപ്പിച്ചു യന്ത്രം ഇപ്പോൾ കൂടുതൽ ന്യൂജനുമായി.