കായംകുളം: ആയിരം ദിനങ്ങൾക്ക് മുന്‍പ് നാം അപമാനഭാരം കൊണ്ട് തലകുനിച്ച് നിൽക്കണ്ട അവസ്ഥയായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കായംകുളത്ത് സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളീയനാണെന്ന് പറയാൻ പോലും നാണം തോന്നിയ സ്ഥിതിയായിരുന്നു. ഇവിടെ ഇല്ലാത്ത ദുർവൃത്തികളൊന്നും ഉണ്ടായിരുന്നില്ല. അഴിമതി കൊടികുത്തി വാഴുകയായിരുന്നു. അധികാരത്തിന്റെ തണലിൽ എന്തെല്ലാം കെട്ടകാര്യങ്ങൾ ചെയ്യാം അതിന്റെയൊക്കെ ഉദാഹരണങ്ങളായി നമ്മുടെ നാടിന്റെ ചില ബിംബങ്ങൾ മാറി. അപ്പോഴാണ് ഇതിൽ അപമാനിതരായി കേരളീയരായ നാം തലകുനിച്ചത്.
ഇപ്പോൾ ഈ സർക്കാർ ആയിരം ദിനങ്ങൾ പൂർത്തിയാകുന്പോൾ ഇന്ത്യയിലെ അഴിമതി കുറഞ്ഞ സംസ്ഥാനമാക്കി കേരളത്തെ മാറ്റി. അപമാനം വരുത്തുന്ന രീതിയിൽ ഇവിടെ നടന്ന ഒരു പ്രവർത്തനവും ഇപ്പോൾ ഇവിടെ ഇല്ല എന്നതാണ് പ്രധാന നേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കായലോരത്ത് മത്സ്യ കന്യകയുടെ ശിൽപ്പം നിർമിച്ച യുവ ശില്‍പ്പി ജോണ്‍സ് കൊല്ലക്കടവിനെ മുഖ്യമന്ത്രി ഉപഹാരം നൽകി അനുമോദിച്ചു. മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, യു.പ്രതിഭ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, ജില്ലാ കളക്ടർ എസ്. സുഹാസ്, മുൻ എംഎൽഎ സി.കെ. സദാശിവൻ, നഗരസഭ ചെയർമാൻ എൻ.ശിവദാസൻ, ആർ. നാസർ, എം.എ. അലിയാർ, കെ.എച്ച.് ബാബുജാൻ, എൻ.സുകുമാരപിള്ള, ആർ. ഗിരിജ എന്നിവർ പ്രസംഗിച്ചു.