കറുകച്ചാൽ: മരുമകളെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആദ്യഘട്ടത്തിൽ കേസില്ലാതാക്കാൻ ഭർതൃപിതാവ് ശ്രമം നടത്തി.മണ്ണെണ്ണ വിളക്കു മറിഞ്ഞാണ് പൊള്ളലേറ്റതെന്നു പറയാൻ ഭീഷണിപ്പെടുത്തി. അപ്രകാരം പറഞ്ഞില്ലായിരുന്നുവെങ്കിൽ തന്നെ ആശുപത്രിയിൽ കൊണ്ടുപോകില്ലായിരുന്നുവെന്ന് പൊള്ളലേറ്റ യുവതി മജിസ്ട്രേട്ടിന് നല്കിയ മൊഴിയിൽ പറയുന്നു.
കറുകച്ചാൽ ഉന്പിടി കൊച്ചുകണ്ടം ഞാലിക്കുഴി ചന്പക്കര ഗോപാലൻ (58) ആണ് മരുമകളെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായത്. ഗോപാലന്റ മകൻ ഗോപന്റെ ഭാര്യ പുതുപ്പള്ളി സ്വദേശിനി വിജിത (23) ഗുരുതരമായി പൊള്ളലേറ്റ്് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ.
ഗോപാലൻ സ്ത്രീധനം ആവശ്യപ്പെട്ട് വീട്ടിൽ ബഹളം വയ്ക്കുന്നതും വിജിതയെ ഉപദ്രവിക്കുന്നതും പതിവായിരുന്നു.
കഴിഞ്ഞ ഒൻപതിന് രാത്രി ഒന്പതരയോടെ സ്ത്രീധനം ആവശ്യപ്പെട്ട് ഗോപാലൻ വിജിതയുമായി വഴക്ക് ഉണ്ടാക്കിയിരുന്നു. രാത്രി 10ന് ശേഷം വൈദ്യുതി ഇല്ലായിരുന്നു. മെഴുകുതിരിയുമായി വിജിത അടുക്കള ഭാഗത്തേക്ക് ഇറങ്ങുന്നതിനിടയിൽ വാതിലിന് പിന്നിൽ മറഞ്ഞു നിന്ന ഗോപാലൻ കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ വിജിതയുടെ ദേഹത്തേക്ക്് ഒഴിക്കുകയായിരുന്നു.
ശരീരത്ത് തീപടർന്നതോടെ വിജിത നിലവിളിച്ചു. ശബ്ദംകേട്ട് ഓടിയെത്തിയ ഗോപനും അമ്മയും ചേർന്നാണ് തീ കെടുത്തിയത്. തുടർന്ന് അയൽവാസികൾ ചേർന്ന് വിജിതയെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
മണ്ണെണ്ണ വിളക്ക് മറിഞ്ഞാണ് തീ പിടിച്ചതെന്നു പറയണമെന്ന് ഭർതൃ പിതാവ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് വിജിതയുടെ ആദ്യ മൊഴി അങ്ങനെയാണ്. പിന്നീട് കഴിഞ്ഞ ദിവസം പോലീസ് എത്തിയപ്പോൾ തനിക്കൊരു കാര്യം പറയാനുണ്ടെന്ന് വിജിത എസ്ഐയോട് പറഞ്ഞു. ചോദിച്ചപ്പോൾ ഭർതൃ പിതാവ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതാണെന്നു പറഞ്ഞു.
പിന്നെ എന്തിനാണ് ആദ്യം കളളം പറഞ്ഞതെന്നു പോലീസ് ചോദിച്ചപ്പോൾ ഭർതൃ പിതാവ് ആവശ്യപ്പെട്ടതനുസരിച്ച് പറഞ്ഞില്ലായിരുന്നുവെങ്കിൽ തന്നെ ആശുപത്രിയിൽ എത്തിക്കില്ലായിരുന്നുവെന്നായിരുന്നു യുവതിയുടെ മറുപടി. ഇതോടെ മജിസ്ട്രേട്ടിനു മുന്നിൽ മൊഴിയെടുത്തു. ഇവർക്ക് രണ്ടര വയസ് പ്രായമുള്ള കുട്ടിയുണ്ട്.
വിജിതയും ഗോപനും സ്നേഹിച്ച് വിവാഹം കഴിച്ചതാണ്. സ്ത്രീധനം കിട്ടിയില്ലെന്നു പറഞ്ഞ് ഭർതൃപിതാവ് വഴക്കുണ്ടാക്കിയതോടെ കുറേ നാൾ ഇവർ വാടക വീട്ടിലായിരുന്നു താമസം. അടുത്ത നാളിലാണ് ഗോപന്റെ വീട്ടിലേക്ക് വന്നത്. ഗോപാലനെതിരേ കൊലപാതക ശ്രമത്തിനും സ്ത്രീധന നിരോധന നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.