തലശേരി: സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ യുവതിയായ വീട്ടമ്മ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണമുയർന്നു. പനി ബാധിച്ച് എത്തിയ യുവതിയുടെ നില ഗുരുതരമായപ്പോൾ ഓക്സിജൻ നൽകാൻ എത്തിച്ച സിലിണ്ടർ തുറന്നത് കല്ല് കൊണ്ട് ഇടിച്ചെന്ന് ബന്ധുക്കൾ പോലീസിനു മൊഴി നല്കി. പുന്നോൽ കുറിച്ചിയിൽ കരീക്കുന്ന് റോഡിൽ പൊന്നമ്പത്ത് മീത്തൽ പി.ടി. ബജിത (37) മരിച്ച സംഭവത്തിലാണ് ഗുരുതരമായ ആരോപണം ഉയർന്നിട്ടുള്ളത്.
പനിയുമായി എത്തിയ ബജിതക്ക് അസ്വസ്ഥത കൂടിയപ്പോൾ വേണ്ട അടിയന്തിര ചികിത്സ നൽകാനുള്ള സംവിധാനങ്ങളൊന്നും സ്വകാര്യ ആശുപത്രിയിലില്ലായിരുന്നുവെന്ന് ബജിതയുടെ ഭർത്താവ് മോഹനൻ ദാസ് രാഷ്ട്രദീപികയോട് പറഞ്ഞു. ഓക്സിജൻ സിലിണ്ടർ തുറന്നത് തന്നെ കല്ല് കൊണ്ട് ഇടിച്ചാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളമറിയാത്ത ഡോക്ടറോട് ആശയ വിനിമയം നടത്താനും ബുദ്ധിമുട്ടി.
ഇപ്പോൾ ശരിയാകും എന്ന് ആവർത്തിക്കുകയാണ് ആശുപത്രിക്കാർ ചെയ്തത്. ഒടുവിൽ നിർബന്ധിച്ച് സഹകരണ ആശുപത്രിയിലക്ക് കൊണ്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ സ്വകാര്യ ആശുപത്രിയിൽ നിന്ന് ആംബുലൻസ് ലഭിക്കാനും വൈകി.
ചായ കുടിക്കാൻ പോയ ആംബുലൻസ് ഡ്രൈവറെ കാത്ത് ഏറെ സമയം നിൽക്കേണ്ടി വന്നു. ഒടുവിൽ സഹകരണ ആശുപത്രിയിലെത്തുമ്പോഴേക്കും തനിക്ക് ഭാര്യയെ നഷ്ടപ്പെട്ടുവെന്നും മോഹൻദാസ് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് ബജിതയും മകളും പനിയെ തുടർന്ന് ചികിത്സ തേടി നഗരമധ്യത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്.
ഇരുവരേയും ചികിത്സിക്കുന്നതിനിടയിൽ ബജിതയുടെ നില ഗുരുതരമാകുകയും ബജിതയെ തലശേരി സഹകരണ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.എന്നാൽ ആശുപത്രിയിലെത്തുന്നതിനു മുമ്പ് ബജിത മരണമടഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് തലശേരി എ എസ് പി ഡോ. അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വഷണം ഊർജിതമാക്കി.
നിലവിൽ അസ്വഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മെഡിക്കൽ ബോർഡിന്റെ ഉപദേശം തേടുമെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും എ എസ് പി ഡോ.അവിന്ദ് സുകുമാർ രാഷ്ട്രദീപികയോട് പറഞ്ഞു.