ശത്രുവിനെ മാത്രമല്ല ശത്രുവിന്റെ ചാരക്കണ്ണുകളായ റഡാറുകളെയും തെറ്റിദ്ധരിപ്പിച്ചാണ് കഴിഞ്ഞ രാത്രി ഭാരത വ്യോമസേന ബോംബിംഗ് നടത്തിയത്. പാക്കിസ്ഥാൻ മണ്ണിലേക്ക് 50കിലോമീറ്ററോളം ദൂരത്തിൽ കടന്നുചെന്ന മിറാഷുകൾ പുറപ്പെട്ടത് ജമ്മു-കാഷ്മീരിലോ പഞ്ചാബിലോ നിന്നായിരുന്നില്ല. യുപി, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ താവളങ്ങളിൽനിന്നാണ് അവ പറന്നുയർന്നത്.
നിരവധി മിറാഷുകളും അകന്പടിവിമാനങ്ങളും പല താവളങ്ങളിലും നിന്നു പറന്ന് പല ഭാഗങ്ങളിലേക്കും തിരിച്ചു. പാതിരായ്ക്ക് ഇവയെ നിരീക്ഷിക്കുന്ന റഡാറുകൾക്കും ഉപഗ്രഹങ്ങൾക്കും പിടികൊടുക്കാതെ അവ ദിശ മാറ്റിമാറ്റി പറന്നു.
ഒരു ഡസൻ മിറാഷുകളും വേറേ കുറേ വിമാനങ്ങളും പറന്നുയർന്നെങ്കിലും ചുരുക്കം എണ്ണമേ പാക്കിസ്ഥാനിലേക്കും പാക് അധീന കാഷ്മീരിലേക്കും പോയുള്ളൂ. കൂടുതൽ എണ്ണം വിമാനങ്ങളെ നിരീക്ഷിക്കാനുണ്ടായിരുന്നതിനാൽ ബോംബിംഗിന് യഥാർഥത്തിൽ പോയവ പാക് റഡാർ കണ്ണിൽ പെട്ടില്ല എന്നു വേണം കരുതാൻ.
ബോംബിടാൻ ഉള്ളവ ഓരോന്നിനും ഓരോ ഡ്യൂപ് കൂടെ ഉണ്ടായിരുന്നു. നിശ്ചിത ദൂരം കഴിഞ്ഞപ്പോൾ ഡ്യൂപ് വേറേ വഴിക്കു പോയി. റഡാറും അതിനു പിന്നാലെ പോയി. വ്യോമസേനയുടെ നോർത്തേൺ കമാൻഡാണ് ആസൂത്രണം നടത്തിയത്. പക്ഷേ വിമാനങ്ങൾ പുറപ്പെട്ടത് മധ്യ, പശ്ചിമ കമാൻഡുകളുടെ താവളങ്ങളിൽനിന്നും.