കളമശേരി: പാതയോരങ്ങളിൽ തടസമുണ്ടാകുന്ന രീതിയിൽ ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും വയ്ക്കാൻ പാടില്ലായെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ മെട്രോ നടപ്പാത കൈയേറി ഫ്ലക്സ് ബോർഡുകൾ വീണ്ടും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന കേരള സംരക്ഷണയാത്രയുമായി ബന്ധപ്പെട്ടാണ് കമാനങ്ങളും ബോർഡുകളും പാതയോരങ്ങളിൽ നിരന്നിരിക്കുന്നത്.
ചില സ്ഥലങ്ങളിൽ കൊച്ചി മെട്രോ പാതയിലൂടെ നടക്കുന്നതിന് തടസമായാണ് വച്ചിരിക്കുന്നത്. പ്രധാന റോഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന വഴികൾക്ക് നടുവിലായും കളമശേരിയിൽ ബോർഡുകൾ വച്ചിട്ടുണ്ട്. കുസാറ്റ് ജംഗ്ഷനിലും മറ്റും ഫുട്പാത്ത് കൈയേറിയാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. നാളെയാണ് കേരള സംരക്ഷണയാത്രകളമശേരിയിൽ എത്തുന്നത് എങ്കിലും ഒരാഴ്ചയോളമായി ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ ഈ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
സൗത്ത് കളമശേരിയിലെ മജിസ്ട്രേറ്റ് കോടതിക്ക് സമീപത്ത് പോലും മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും ചിത്രം ഉൾപ്പെടുത്തിയ ഫ്ലക്സ് ഉപയോഗിച്ച് നിർമിച്ച പതിനഞ്ച് അടിയോളം ഉയരത്തിലാണ് വലിയ കമാനം നിർമ്മിച്ചിരിക്കുന്നത്. അതേ സമയം കളമശേരി നഗരസഭ നടപടിയെടുക്കാൻ തയാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഫ്ലക്സുകൾ നിർമിച്ച് നൽകുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയാലേ ഇത്തരം പ്രവണതകൾ അവസാനിക്കുകയുള്ളൂവെന്നും അഭിപ്രായമുണ്ട്.