ഞങ്ങളുടെ മര്യാദയെയും മാന്യതയെയും ഒരു ദൗര്‍ബല്യമായി കണക്കാക്കരുത്! വ്യോമസേനയുടെ തിരിച്ചടിയെ അഭിനന്ദിച്ച്, പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

പുല്‍വാമ ആക്രമണത്തിന് തിരിച്ചടി നല്‍കിക്കൊണ്ടുള്ള ഇന്ത്യന്‍ വ്യോമസേനയുടെ നടപടിയെ അഭിനന്ദിച്ച് മുന്‍ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കകര്‍. ഞങ്ങളുടെ എളിമയെ ഒരിക്കലും ഒരു കുറവായി കണക്കാക്കരുതെന്നും ഇന്ത്യന്‍ ആര്‍മിയെ സെല്യൂട്ട് ചെയ്യുന്നെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള മത്സരം ഇന്ത്യ ഉപേക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അതിനെതിരെ സച്ചിന്‍ നിലപാടെടുത്തത് വിവാദമായിരുന്നു.

മത്സരം ഉപേക്ഷിച്ച് രണ്ട് പോയിന്റ് വെറുതെ അവര്‍ക്ക് നല്‍കാതെ അവരെ കളിച്ച് തോല്‍പ്പിക്കുന്നത് കാണാനാണ് ആഗ്രഹമെന്നായിരുന്നു സച്ചിന്‍ പറഞ്ഞ്. സച്ചിന്റെ അഭിപ്രായത്തെ എതിര്‍ത്തും അനുകൂലിച്ചും ചിലര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള ധനസമാഹരണ പരിപാടിയില്‍ കഴിഞ്ഞ ദിവസം സച്ചിന്‍ പങ്കെടുത്തിരുന്നു.

മാരത്തണും പുഷ്അപ്പ് ചലഞ്ചുമാണ് ധനസമാഹരണത്തിനായി സംഘടിപ്പിച്ചിരുന്നത്. ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സച്ചിന്‍ ആളുകള്‍ക്കൊപ്പം പുഷ്അപ്പ് എടുക്കുകയും ചെയ്തു. 15 ലക്ഷം രൂപയാണ് സച്ചിന്റെ നേതൃത്വത്തില്‍ പരിപാടിയിലൂടെ സമാഹരിച്ചത്.

10 പുഷ് അപ്പ് ചലഞ്ചായിരുന്നു സച്ചിന്‍ മുന്നോട്ടു വെച്ചത്. ചലഞ്ചില്‍ പങ്കെടുത്തവര്‍ക്കൊപ്പം സച്ചിനും പുഷ്അപ്പ് എടുത്തു. ഏത് വഴിയിലൂടേയും വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കുവാനാണ് സച്ചിന്‍ ആരാധകരോട് ആഹ്വാനം ചെയ്തത്.

Related posts