കോട്ടയം: എംജി സർവകലാശാല കലോത്സവത്തിന് നാളെ തിരശീല ഉയരും. ഇനി അഞ്ചു നാൾ അക്ഷര നഗരിക്ക് അവിസ്മരണീയ മുഹൂർത്തങ്ങൾ. നാളെ വൈകുന്നേരം പ്രധാന വേദിയായ തിരുനക്കര മൈതാനിയിൽ നടൻ ഹരിശ്രീ അശോകൻ അഞ്ചു നാൾ നീളുന്ന കലോത്സവത്തിന് തിരി തെളിക്കുന്നതോടെ ആട്ടവും പാട്ടും അഭിനയവും നൃത്തവുമൊക്കെയായി വേദികൾ സജീവമാകും. ഭാരതീയ സംഗീതത്തിന്റെ വസന്തകാലത്തെ ഓർമപ്പെടുത്തുന്ന ഒട്ടനവധി പാട്ടുകൾ കേൾക്കാം.
അരങ്ങിൽ അഭിനയത്തിന്റെ വിസ്മയ മുഹൂർത്തങ്ങൾ കാഴ്ച വയ്ക്കുന്നവരെ കാണാം. പ്രണയത്തിന്റെ തീവ്രതയും വേർപാടിന്റെ വേദനയും വരികളിൽ നിറച്ച കവിതകൾ കേൾക്കാം. താരങ്ങളായ മിയ, അനൂപ് ചന്ദ്രൻ എന്നിവർ നാളത്തെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും.
അലത്താളം എന്നാണ് സർവകലാശാല കലോത്സവത്തിന് പേരിട്ടിരിക്കുന്നത്. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. വൈകുന്നേരം നാലിന് പൊതു സമ്മേളനം. രാത്രി ഏഴു മണിയോടെ മത്സരങ്ങൾ ആരംഭിക്കും.
കോട്ടയത്തെ വിവിധ സ്കൂളുകൾ അടക്കം ഏഴു വേദികളിലാണ് മത്സരങ്ങൾ നടക്കുക. തിരുനക്കര മൈതാനമാണ് പ്രധാന വേദി. ബസേലിയസ് കോളജ്, ബിസിഎം കോളജ്, സിഎംഎസ് കോളജ്, ബിസിഎം കോളജ് ഓഡിറ്റോറിയം, ബസേലിയസ് കോളജ് ഓഡിറ്റോറിയം, സിഎംഎസ് കോളജ് ഗ്രേറ്റ് ഹാൾ എന്നിവിടങ്ങളാണ് വേദികൾ.
ആദ്യദിനം ഒന്നാം വേദിയായ തിരുനക്കര മൈതാനത്ത് തിരുവാതിര മത്സരം അരങ്ങേറും. സിഎംഎസ് കോളജ് ഗ്രേറ്റ് ഹാളിലെ രണ്ടാം വേദിയിൽ മൂകാഭിനയവും മൂന്നാം വേദിയായ ബസേലിയസ് കോളജ് ഓഡിറ്റോറിയത്തിൽ കേരള നടനവും നടക്കും.