ഫ്രാങ്കോ ലൂയിസ്
തൃശൂർ: അന്പത്തിനാലു വർഷം മുന്പ് പാക്കിസ്ഥാനിൽ ബോംബിട്ടതിന്റെ ഓർമയുമായി വ്യോമസേനയിലെ വിംഗ് കമാൻഡർ പി.എം. ലോകനാഥൻ. അന്നും രാത്രിയിലായിരുന്നു ബോംബാക്രമണം. ശത്രു തന്നെ വകവരുത്തുമോയെന്ന ഭയത്തേക്കാൾ ദേശീയബോധവും ശത്രുവിനെ വകവരുത്തണമെന്ന നിശ്ചയദാർഢ്യവുമാണ് യുദ്ധവിമാനത്തിന്റെ പൈലറ്റ് ഓഫീസറായിരുന്ന ലോകനാഥനെ ആവേശം കൊള്ളിച്ചിരുന്നത്.
പാക്കിസ്ഥാനിൽ ഇന്ത്യ വീണ്ടും വ്യോമാക്രമണം നടത്തിയപ്പോൾ 1965 ലെ ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധത്തിലെ അനുഭവങ്ങൾ ഓർക്കുകയാണ് ലോകനാഥൻ. 1993 ൽ അന്പതാം വയസിൽ വിംഗ് കമാൻഡറായി വിരമിച്ച ലോകനാഥൻ വിശ്രമജീവിതം നയിക്കുകയാണ്. കോട്ടപ്പടിയിലെ വീട്ടിൽ കൂടെ ഭാര്യ സുധയുമുണ്ട്. മക്കളായ രഞ്ജനയും അർച്ചനയും അമേരിക്കയിലാണ്.
ആർമിയിലായിരുന്ന അച്ഛൻ ക്യാപ്റ്റൻ പട്ടണത്ത് മാധവന്റെ ആവേശകരമായ സൈനിക ജീവിതമായിരുന്നു ലോകനാഥനു മാതൃക. ബംഗളൂരുവിലെ വിദ്യാഭ്യാസം പൂർത്തിയാക്കി ടെസ്റ്റ് എഴുതിയപ്പോഴേ വ്യോമസേനയിൽ ചേർന്നു. പരിശീലനം പൂർത്തിയാക്കി 1962 ൽ എയർഫോഴ്സ് ഫ്ളയിംഗ് കോളജിൽ പൈലറ്റാകാനായിരുന്നു പരിശീലനം. അതിനുശേഷം അമേരിക്കയിൽ ആറുമാസത്തെ പരിശീലനത്തിനും ലോകനാഥനെ വ്യോമസേന അയച്ചിരുന്നു.
പഞ്ചാബിലെ ആദംപൂരിലെ വ്യോമസേനാ താവളത്തിലായിരുന്നു ജോലി. ഓണത്തിന് അവധിയെടുത്ത് നാട്ടിലെത്തിയതായിരുന്നു. നാലു ദിവസം കഴിഞ്ഞപ്പോഴേക്കും മടങ്ങിയെത്താൻ അടിയന്തര നിർദേശം വന്നു. ഇന്ത്യയും പാക്കിസ്ഥാനുമായി യുദ്ധം ആരംഭിച്ച അവസ്ഥയിലായിരുന്നു. തിരിച്ചെത്തിയ വ്യോമതാവളത്തിനരികിൽ പാക്കിസ്ഥാന്റെ യുദ്ധവിമാന വ്യൂഹം ബോംബിട്ടു.
രണ്ടു ബോംബുകൾ. പാക് വിമാന വ്യൂഹത്തിന്റെ വരവു മനസിലാക്കി മിക്കവരും ട്രഞ്ചിലേക്ക് ഓടിയിറങ്ങി ഒളിച്ചു. അതിനാൽ ആളപായമുണ്ടായില്ല. അന്ന് അവർക്കു ശേഷി കുറഞ്ഞ ബോംബുകളേ ഉണ്ടായിരുന്നുള്ളൂ. അഞ്ഞൂറു പൗണ്ടുവരെയുള്ള ബോംബുകൾ. ഇവയ്ക്കു 15 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ തകർക്കാനാകും.
പിറ്റേന്ന് അതിശക്തമായ പ്രത്യാക്രമണത്തിനു ഞങ്ങൾ തയാറായി. ഇന്ത്യയെ ആക്രമിച്ച ശത്രുവിനെ തകർക്കണമെന്ന ആവേശമായിരുന്നു എല്ലാവർക്കും. ആദ്യ ദിവസങ്ങളിൽ സീനിയർ ഓഫീസർമാരാണ് യുദ്ധവിമാനം പറത്തി പാക്കിസ്ഥാനിൽ ബോംബുകളിട്ടത്. പത്തുദിവസത്തിനുശേഷമാണ് ജൂണിയർ പൈലറ്റ് ഓഫീസർമാർക്ക് അവസരം ലഭിച്ചത്.
മൈസ്റ്റർ എന്ന ഫ്രഞ്ച് യുദ്ധവിമാനമാണ് അന്ന് ഇന്ത്യ ഉപയോഗിച്ചിരുന്നത്.
വിമാനത്തിൽ രണ്ടു ബോംബു വീതമാണുണ്ടാകുക. നാലു വിമാനങ്ങളടങ്ങുന്ന വ്യൂഹമാണ് ഒരു ബോംബാക്രമണം നടത്തുക. ആദ്യം പറക്കുന്ന ലീഡർ വിമാനം മാത്രമാണു ലക്ഷ്യസ്ഥാനത്തു ബോംബിടുക. പിറകെ പറക്കുന്ന യുദ്ധവിമാനങ്ങൾ ലീഡർ വിമാനത്തിന്റെ സുരക്ഷയ്ക്കും സഹായത്തിനുമാണ്.
പാക്കിസ്ഥാന്റെ റഡാറുകളുടെ കണ്ണിൽപെടാതിരിക്കാൻ തെങ്ങിന്റെ ഉയരത്തിൽ പറന്നാണ് ല്ക്ഷ്യസ്ഥാനത്തേക്കു നീങ്ങുക. ലക്ഷ്യസ്ഥാനത്തെത്തിയാൽ രണ്ടായിരം അടി ഉയരത്തിലേക്ക് ഉയർന്ന് ബോംബിടുകയാണു രീതി. പാക്കിസ്ഥാനിൽ ബോംബാക്രമണം നടത്താൻ ലോകനാഥന് പതിനൊന്നാം ദിവസമാണു ഉൗഴം ലഭിച്ചത്.
രാത്രിയിൽ യുദ്ധവിമാന വ്യൂഹവുമായി പറന്നു ലക്ഷ്യസ്ഥാനത്തു ബോംബിട്ട് തിരിച്ചെത്തി വിജയം ആഘോഷിച്ചു. അന്ന് ഇന്ത്യ പാക്കിസ്ഥാനെതിരേ പ്രയോഗിച്ചത് ആയിരം പൗണ്ട് ശേഷിയുള്ള ബോംബുകളായിരുന്നു. ഇന്നുള്ള സാങ്കേതികമികവ് അന്ന് ഇല്ലായിരുന്നു: എല്ലാം തിളക്കത്തോടെ ഓർക്കുകയാണ് 78 കാരനായ ലോകനാഥൻ.