സ്വന്തം ലേഖകൻ
തൃശൂർ: ചുട്ടുപൊള്ളുന്ന വെയിലിൽ കുടപോലും ചൂടാൻ കഴിയാതെ, തണലത്തേക്കൊന്ന് മാറിനിൽക്കാൻ കഴിയാതെ റോഡിൽ ഡ്യൂട്ടി ചെയ്യേണ്ടിവരുന്ന പാവം ട്രാഫിക് പോലീസുകാരുടെ ദാഹശമനത്തിന് കുടിവെള്ളവും തണ്ണിമത്തനുമായി പോലീസ് അസോസിയേഷൻ രംഗത്ത്.
തൃശൂർ നഗരത്തിലെ മുപ്പതോളം പോയന്റുകളിൽ രാവിലെയും വൈകീട്ടും പോലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ദാഹശമനത്തിനും ചൂടിൽ നിന്നുള്ള രക്ഷയ്ക്കുമുള്ള കുടിവെള്ളവും നാരങ്ങാവെള്ളവും തണ്ണിമത്തനുമടക്കമുള്ളവ എത്തിക്കും.
കഴിഞ്ഞ വർഷവും ഇത്തരത്തിൽ വെള്ളവും തണ്ണിമത്തനും വിതരണം ചെയ്തിരുന്നു. ചൂടുകാലം കഴിയും വരെ ഇത് നൽകാനാണ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്.രൂക്ഷമായ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന തൃശൂർ നഗരത്തിലെ പല ഭാഗത്തും ട്രാഫിക് പോലീസിന് നടുറോഡിൽ നിന്നുകൊണ്ടുതന്നെ ഗതാഗതം നിയന്ത്രിക്കേണ്ടതായി വരാറുണ്ട്.
കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ പലപ്പോഴും യാതൊരു മാർഗവും ഇല്ലാത്ത സ്ഥിതിയാണ്. രാവിലെ ഒന്പതുമണിയാകുന്പോഴേക്കും ചൂട് കൂടുന്ന ഇപ്പോഴത്തെ കാലാവസ്ഥയിൽ ഉച്ചയാകുന്പോഴേക്കും വല്ലാതെ തളർന്നുപോകുന്ന സ്ഥിതിയാണുള്ളത്.
തണ്ണിമത്തനും വെള്ളവും ഉള്ളു തണുപ്പിക്കാൻ കിട്ടുന്നത് വലിയ ആശ്വാസമാണെന്ന് പോലീസുകാർ പറയുന്നു. കുടിവെള്ളത്തിന്റെ വിതരണോദ്ഘാടനം സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര നിർവഹിച്ചു. എസിപി വി.കെ.രാജു സംബന്ധിച്ചു.