ന്യൂഡൽഹി: പാക്കിസ്ഥാൻ ആക്രമണത്തിൽ ഒരു പോർ വിമാനം തകർന്നെന്ന് ഇന്ത്യ. മിഗ്-21 യുദ്ധ വിമാനമാണ് കാണാതായതെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. ഒരു വൈമാനികനെയും കാണാനില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രവിഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാക്കിസ്ഥാൻ വ്യോമാതിർത്തി ലംഘിച്ച് ഇന്ന് രാവിലെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു. ഇതിനിടെയാണ് വിമാനം കാണാതായത്. കാണാതായ വൈമാനികനെ സംബന്ധിച്ച വിവരങ്ങൾ ഇന്ത്യ പുറത്തുവിട്ടിട്ടില്ല.
ഏറ്റുമുട്ടലിൽ പാക്കിസ്ഥാൻ വ്യോമസേനയുടെ എഫ്-16 വിമാനം സൈന്യം വെടിവച്ചിട്ടതായും രവിഷ് കുമാർ സ്ഥിരീകരിച്ചു. മൂന്ന് പാക് വിമാനങ്ങളാണ് വ്യോമാതിർത്തി ലംഘിച്ച് രജൗരി സെക്ടറിലെ നൗഷേരയിൽ ബോംബുകൾ വർഷിച്ചത്.
അതേസമയം ഇന്ത്യയുടെ രണ്ട് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി പാക്കിസ്ഥാൻ അവകാശവാദം ഉന്നയിച്ചിരുന്നു. ഒരു വൈമാനികൻ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും പാക് സൈനിക മേധാവി അറിയിച്ചിരുന്നു. എന്നാൽ കാണാതായ വൈമാനികനെ പാക്കിസ്ഥാൻ കസ്റ്റഡിയിൽ ഉള്ളതായി ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യൻ പൈലറ്റിന്‍റെ ചിത്രവും ദൃശ്യവും പുറത്തുവിട്ട് പാക്കിസ്ഥാൻ
ഇസ്‌ലാമാബാദ്: അതിർത്തി കടന്ന ഇന്ത്യൻ വിമാനം വെടിവച്ചിട്ട് പൈലറ്റിനെ കസ്റ്റഡിയിലെടുത്തെന്ന അവകാശവാദത്തിന് പിന്നാലെ പാക്കിസ്ഥാൻ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. ഇന്ത്യൻ പൈലറ്റിന്‍റെ ചിത്രവും ദൃശ്യങ്ങളുമാണ് പാക്കിസ്ഥാൻ പുറത്തുവിട്ടത്. അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രത്യക്ഷപെട്ട് തുടങ്ങി.
പാക്ക് അധീന മേഖലയിൽ വെടിവച്ചിട്ട ഇന്ത്യൻ വ്യോമസേന വിമാനത്തിലെ പൈലറ്റ് എന്നാണ് ചിത്രവും വീഡിയോയും പുറത്തുവിട്ട് പാക്കിസ്ഥാൻ അവകാശപ്പെടുന്നത്. എന്നാൽ ഇക്കാര്യം ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല.
പാക്കിസ്ഥാൻ റേഡിയോയുടെ ഒൗദ്യോഗിക ട്വിറ്റർ പേജ് വഴിയാണ് വിവരങ്ങൾ പുറത്തുവിട്ടത്. കണ്ണുകെട്ടി നിർത്തിയിരിക്കുന്ന ഒരാൾ പാക്ക് സൈന്യത്തിന്‍റെ ചോദ്യത്തിന് ഉത്തരം നൽകുന്നതാണ് വീഡിയോയിൽ ഉള്ളത്. ബുധനാഴ്ച പുലർച്ചെ നിയന്ത്രണ രേഖ ലംഘിച്ച ഇന്ത്യൻ വിമാനം വെടിവച്ചിട്ട് പൈലറ്റിനെ കസ്റ്റഡിയിലെടുത്തുവെന്നാണ് പാക്കിസ്ഥാൻ അവകാശപ്പെടുന്നത്.
ദേശീയ മാധ്യമങ്ങൾ കാണാതായ പൈലറ്റിന്‍റെ പേര് വിവരങ്ങളും പുറത്തുവിടുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാർ സ്ഥിരീകരണത്തിന് തയാറായിട്ടില്ല. എന്നാൽ അതിർത്തിയിലെ സംഘർഷങ്ങൾക്കിടെ മിഗ്-21 വിഭാഗത്തിൽ പെട്ട ഒരു വിമാനവും പൈലറ്റും കാണാതായി എന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായ പൈലറ്റ് തങ്ങളുടെ കസ്റ്റഡിയിലാണെന്ന പാക്ക് വാദം കേന്ദ്രം തള്ളുകയാണ്.