പേരാമ്പ്ര: പെരുവണ്ണാമൂഴി വനംവകുപ്പ് ജീവനക്കാര്‍ ജനുവരി 22ന് ചെമ്പനോട മൂത്തേട്ടു പുഴയിൽനിന്നു പിടിച്ചുകൊണ്ടു പോയ മലമാനിനു എന്തു സംഭവിച്ചുവെന്നു വ്യക്തമാക്കണമെന്ന ആവശ്യമുയർന്നു. ഇത് സംബന്ധിച്ചു അന്വേഷണവും നടപടിയും ആവശ്യപ്പെട്ടു വനംവകുപ്പ് മന്ത്രിക്കും വകുപ്പുദ്യോഗസ്ഥർക്കും മലയോര കർഷകരക്ഷാ സമിതി ജില്ലാ ചെയർമാൻ ഒ.ഡി തോമസ് രേഖാമൂലം പരാതി നൽകി.
പുഴയിൽനിന്നു നാട്ടുകാരുടെ സഹായത്തോടെയാണു പരിക്കുപറ്റിയ മലമാനിനെ പിടിച്ചു ഉദ്യോഗസ്ഥർ വാഹനത്തിൽ കയറ്റിക്കൊണ്ടു പോയത്. പിന്നീട് അന്വേഷിച്ചപ്പോൾ ഇതിനെ കാട്ടിൽ വിട്ടുവെന്നാണു ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്.
മാൻ ചത്തുപോയന്നു പിന്നീട് മാറ്റിപ്പറഞ്ഞു. അതേസമയം മാനിനെ കൊന്നുതിന്നെന്ന ബലമായ സംശയമുണ്ടെന്നു പരാതിയിൽ ഉന്നയിക്കുന്നുണ്ട്. മാനിന്റെ ഇറച്ചിയുടെ അവശിഷ്ടങ്ങൾ പാതയോരത്ത് കാട്ടിൽ കുഴിച്ചിട്ടത് വന്യജീവികൾ മാന്തി പുറത്തിട്ടതോടെ കടുത്ത ദുർഗന്ധത്തിനു കാരണമായി. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ “വനത്തിൽ പലതും ചാകും, അതു നാറും, പുറമെയുള്ളവർ അതന്വേഷിക്കേണ്ടതില്ലായെന്ന’ മറുപടിയാണു ചില ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായത്.
ഇതിനിടയിൽ മൂത്തേട്ടുപുഴയോര മേഖലയിൽ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ മാധ്യമപ്രവർത്തകരെ നാട്ടുകാരിൽ ചിലർ ഭീഷണിപ്പെടുത്തുകയും മാനിന്റെ പടങ്ങൾ മൊബൈൽ ഫോണിൽ നിന്നു ബലമായി ഡിലീറ്റ് ചെയ്ത സംഭവവും നടന്നു. ഇതും സംശയം ജനിപ്പിക്കുന്നതാണ്. ചത്ത മാനിന്റെ ജഡം പോസ്റ്റ്മോർട്ടം ചെയ്യാതിരുന്നതും സംശയങ്ങൾക്കു ബലം കൂട്ടുന്നതായി ഒ.ഡി. തോമസ് ആരോപിച്ചു.