കോഴിക്കോട്: സ്ത്രീശാക്തീകരണമെന്ന പേരില്‍ പദ്ധതികള്‍ നിരവധിയുണ്ടെങ്കിലും ദൂരസ്ഥലങ്ങളില്‍ നിന്നും നഗരത്തില്‍ എത്തുന്ന ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും താമസിക്കാന്‍ സുരക്ഷിത ഇടങ്ങളില്ലെന്ന് പരാതി വ്യാപകമാകുന്നു. പലര്‍ക്കും ഇപ്പോഴും സര്‍ക്കാര്‍ സംവിധാനമില്ലാത്തതിനാല്‍ സ്വകാര്യ ഹോസ്റ്റലുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ഷീ സ്റ്റേ ഉള്‍പ്പെടെയുള്ള പദ്ദതികളില്‍ താമസത്തിനുള്ള ചെലവ് കൂട്ടിയും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാതെയുമുള്ള ഉദാസീന സമീപനമാണ് അധികൃതര്‍ പിന്തുടരുന്നതെന്ന ആേക്ഷപവും ഉയരുന്നു. സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസിക്കാന്‍ ഷീ ലോഡ്ജ് , എന്റെ കൂട് പദ്ധതികളാണ് സർക്കാർ ആയിരം ദിനങ്ങളിലെ നേട്ടമായി ഉയര്‍ത്തുന്നത്. എന്നാല്‍ ആരംഭഘട്ടത്തില്‍ തന്നെ കല്ലുകടി അനുഭവപ്പെട്ട പദ്ധതികളാണ് ഷീ ലോഡ്ജ് ഉള്‍പ്പെടെയുള്ളവ.
ഷീ ലോഡ്ജ് എന്നു വരും..?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും ചേര്‍ന്നാണ് ഷീ ലോഡ്ജ് പദ്ധതി നടപ്പാക്കുന്നത്. ജോലി ആവശ്യത്തിനും മറ്റും നഗരങ്ങളിലേക്ക് എത്തിപ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താല്‍ക്കാലിക താമസമൊരുക്കലാണ് ഷീ ലോഡ്ജിന്റെ ലക്ഷ്യം. എന്നാല്‍ കോഴിക്കോട് ഉള്‍പ്പെടെ ഭൂരിഭാഗം ജില്ലകളില്‍ പദ്ധതി ആരംഭഘട്ടത്തില്‍ തന്നെയാണ്. ഒരു കോടി രൂപ ഷീ ലോഡ്ജിനായി കോര്പറേഷന് മാറ്റിവച്ചിട്ടുണ്ട്. എന്നാല്‍ പദ്ധതി എന്നു വരുമെന്ന ചോദ്യത്തിന് ആര്‍ക്കും മറുപടിയില്ലെന്ന് മാത്രം. ഷീ ലോഡ്ജ് ആരംഭിച്ച ചില ജില്ലകളില്‍ ഉദ്ഘാടനത്തിന് ശേഷം ഇവ പൂട്ടിയിട്ടതുള്‍പ്പെടെയുള്ള വിവാദങ്ങളും ഉയര്‍ന്നിരുന്നു.
ഷീ സ്റ്റേയില്‍ ഒഴിവില്ല, താമസത്തിന് ചെലവേറും
സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ നേതൃത്വത്തിലാണ് എരഞ്ഞിപ്പാലത്ത് ഷീ സ്റ്റേ ആരംഭിച്ചത്. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ ചിലവില്‍ സുരക്ഷിതമായ താമസസൗകര്യമാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. നാലു നിലകളിലുള്ള ഹോസ്റ്റലില്‍ എട്ടു മുറികളും എട്ടു ഡോര്‍മെറ്ററികളുമാണ് ഒരുക്കിയത്. ഒരു മുറിയില്‍ മൂന്നു പേര് വീതവും ഡോര്‍മെറ്ററിയില്‍ 15 പേര്‍ക്ക് വീതവും താമസത്തിന് സൗകര്യമുണ്ട്.
ഡോര്‍മെറ്ററിക്ക് 1750 രൂപയും മുറിക്ക് 2750 രൂപയുമാണ് അന്ന് ഈടാക്കിയിരുന്നത്. ഭക്ഷണത്തിന് ആയിരം രൂപ വേറെയും നല്‍കണം. എന്നാല്‍ രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ മാസവാടകയിനത്തില്‍ സ്വകാര്യ ഹോസ്റ്റലിന് സമാനമായ തുകയാണ് ഷീ സ്റ്റേയും ഈടാക്കുന്നതെന്ന പരാതിയാണ് ഉയരുന്നത്. ഭക്ഷണത്തിനുള്‍പ്പെടെ നിലവില്‍ 4250 രൂപയും, ഡോര്‍മെറ്ററിക്ക് 3250 രൂപയുമാണ് ഈടാക്കുന്നത്.
സ്വന്തമായി മുറിയും ഭക്ഷണമുള്‍പ്പെടെ ഒരാള്‍ക്ക് 3500 രൂപ ഈടാക്കുന്ന സ്വകാര്യ ഹോസ്റ്റലുകള്‍ ഉള്ളപ്പോള്‍ ഡോര്‍മെറ്ററിക്ക് ഷീ സ്റ്റേ കൂടുതല്‍ തുക ഈടാക്കുന്നതെന്ന് കാണിച്ച് പലരും പിന്തിരിയുന്ന സാഹചര്യവുമുണ്ട്. സ്വകാര്യ ഹോസ്റ്റലിനെ പോലെ സമയ ക്രമീകരണമില്ലാത്തതിനാല്‍ മാത്രമാണ് പല വനിതകളും ഇവിടെ തുടരുന്നത്. ആരംഭഘട്ടത്തില്‍ നിന്നും കുടുതലായി വാടക കൂട്ടിയതല്ലാതെ വനിതകളുടെ ആവശ്യമനുസരിച്ച് കൂടുതല്‍ പേര്‍ക്ക് താമസസൗകര്യമൊരുക്കാന്‍ വേണ്ടപ്പെട്ടവര്‍ തയാറാവാത്ത സ്ഥിതിയാണുള്ളത്.
ഉദ്ഘാടനം ചെയ്ത പദ്ധതികള്‍ നോക്കുകുത്തികള്‍
ജയില്‍ റോഡ് പരിസരത്താണ് ജില്ലയിലെ “എന്റെ കൂട് ‘സ്ഥിതി ചെയ്യുന്നത്. തെരുവില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് താല്ക്കാലികമായ തണലും, രാത്രികാലങ്ങളില്‍ നഗരത്തില്‍ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകള്‍ക്കും സുരക്ഷിതമായ താവളമെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയെക്കുറിച്ച് നടപ്പിലാക്കിയവര്ക്കല്ലാതെ മറ്റാര്‍ക്കും അറിയില്ല. പലപ്പോഴും റെയില്‍വേ സ്റ്റേഷനിലും മറ്റും ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകളെ പോലീസാണ് “എന്റെ കൂട്ടി’ല്‍ എത്തിക്കാറുള്ളത്. നിലവില്‍ യാദൃശ്ചികമായി പോലും ആരും ഇവിടെ എത്താറില്ലെന്നതാണ് വാസ്തവം.
വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ “നോ എന്‍ട്രി’
കോവൂര്‍ -ഇരിങ്ങാടന്‍പള്ളി റോഡിന് സമീപത്താണ് സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ വര്‍ക്കിംഗ വിമന്‍സ് ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടില്‍നിന്ന് ആറ് കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഹോസ്റ്റലില്‍ 160 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞിട്ടും ഇവിടെ പ്രവേശനം ആരംഭിച്ചിട്ടില്ല.