ജമ്മു: ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയിൽ വീണ്ടും പാക് വെടിവയ്പ്. പൂഞ്ച് മേഖലയിലെ ഇന്ത്യൻ പോസ്റ്റുകൾക്കു നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ആളപായമില്ല. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.തുടർച്ചയായി ആറാം ദിവസമാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. ശക്തമായ മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ചായിരുന്നു ഇന്നത്തെ ആക്രമണം.
പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക
വാഷിംഗ്ടണ്‍: ഐക്യരാഷ്ട്ര സംഘടനയുടെ നിർദേശങ്ങളും തീരുമാനങ്ങളും പാക്കിസ്ഥാൻ മാനിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഭീകരവാദികൾക്ക് സ്വർഗംതീർക്കുന്ന പണി ഉപേക്ഷിക്കണമെന്നും അവർക്ക് ഫണ്ട് വരുന്ന സ്രോതസുകൾ ഇല്ലാതാക്കണമെന്നും അമേരിക്ക പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഇപ്പോഴത്തെ സംഘർഷത്തിൽ ആശങ്കയുണ്ടെന്നും സൈനിക നടപടികൾ നിർത്തിവയ്ക്കണമെന്നും പെന്റഗണ്‍ അറിയിച്ചു.
കൂടുതൽ സൈനിക നടപടികൾ ഉണ്ടാകാതിരിക്കാൻ ഇരുരാജ്യങ്ങളും ശ്രമം നടത്തണമെന്നും യുഎസ് ആക്ടിംഗ് ഡിഫൻസ് സെക്രട്ടറി പാട്രിക് ഷാൻഹാൻ പറഞ്ഞു. ഇതിനിടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കാനഡയും രംഗത്തെത്തി.
സൈനിക നടപടികൾ നിർത്തവയ്ക്കണമെന്നും സംയമനം പാലിക്കണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോപിയോ കഴിഞ്ഞ ദിവസം പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. മേഖലയിൽ സമാധാനവും സുരക്ഷയും നിലനിർത്തണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോടും പോംപിയോ ആവശ്യപ്പെട്ടു.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ലോകരാജ്യങ്ങൾ
ന്യൂഡൽഹി: പുൽവാമയിൽ ഭീകരാക്രമണം നടത്തിയ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ലോകരാജ്യങ്ങൾ. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഐക്യരാഷ്ട്ര സഭ സെക്യൂരിറ്റി കൗണ്‍സിലിൽ ഈ നിർദേശം മുന്നോട്ടു വച്ചു.
പുൽവാമ ആക്രമണത്തിനു കാരണക്കാരനായ അസറിനെ കരിന്പട്ടികയിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും ഇവർ വ്യക്തമാക്കി. നേരത്തേ, മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ പ്രമേയം കൊണ്ടുവരുമെന്ന് ഫ്രാൻസ് അറിയിച്ചിരുന്നു.
അതേസമയം, മസൂദ് അസറിനെതിരായ ഈ നീക്കത്തിനെതിരേ ചൈന എങ്ങനെ പ്രതികരിക്കുമെന്ന് കാണാൻ കാത്തിരിക്കുകയാണ് ലോകം. നേരത്തേ, ഇതുമായി ബന്ധപ്പെട്ട് പ്രമേയങ്ങൾ കൊണ്ടുവന്നപ്പോൾ അവർ എതിർത്തിരുന്നു.
സ്കൂളുകൾ ഇന്നും തുറക്കില്ല
ജമ്മു: കാഷ്മീരിലെ നിയന്ത്രണ രേഖയുമായി ചേർന്ന് കിടക്കുന്ന പല പ്രദേശങ്ങളിലും സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ ഇന്നും തുറക്കില്ല. ജമ്മു കാഷ്മീരിലെ നിയന്ത്രണ രേഖയ്ക്ക് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള സർക്കാർ സ്വകാര്യ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്.
സുരക്ഷ ശക്തമാക്കി റെയിൽവേയും
ന്യൂഡൽഹി: ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ റെയിൽവേയും ജാഗ്രതാ നിർദേശം നൽകി. അതിർത്തിയ്ക്കു സമീപം സർവീസ് നടത്തുന്ന ട്രെയിനുകൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും സുരക്ഷ ശക്തമാക്കി.ജമ്മു കാഷ്മീരിലൂടെയുള്ള എല്ലാ ട്രെയിനുകളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനിച്ചതായി റെയിൽവേ സുരക്ഷാസേന ഡിജി അറിയിച്ചു.നേരത്തേ, സുരക്ഷാ ഏജൻസികളുടെ നിർദേശപ്രകാരം ഡൽഹി മെട്രോ റെയിലിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നു.