ഇന്ത്യയുടെ വേദനയും അഭിമാനവുമാണ് വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍. പാക് സൈന്യത്തിന്റെ കൈയില്‍ അകപ്പെട്ടിട്ടും രാജ്യത്തിന്റെ രഹസ്യങ്ങള്‍ ഒരക്ഷരം പോലും മിണ്ടാതെ ഈ ധീരസൈനികന്‍ ഏവര്‍ക്കും മാതൃകയാകുകയാണ്. അതിനിടെ അഭിനന്ദന്റെ ധൈര്യത്തെ പരോക്ഷമായി പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് പാക് പത്രം ദ ഡോണ്‍. അഭിനന്ദന്‍ പാക് ഭൂപ്രദേശത്ത് വീണപ്പോള്‍ പിടികൂടിയ പാക്കിസ്ഥാന്‍കാരെ അഭിമുഖം നടത്തി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് അഭിനന്ദന്റെ ധൈര്യത്തില്‍ ഡോണ്‍ ആശ്ചര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
വിമാനത്തില്‍ നിന്ന് പാക് പ്രദേശത്ത് പാരച്യൂട്ടില്‍ ഇറങ്ങിയ അഭിനന്ദനെ റസാഖ് എന്ന പ്രദേശവാസിയാണ് ആദ്യം കാണുന്നത്. ഉടന്‍തന്നെ അദ്ദേഹം ചെറുപ്പക്കാരെ കൂട്ടി അങ്ങോട്ടേക്ക് പുറപ്പെട്ടെങ്കിലും കീഴടങ്ങാന്‍ അഭിനന്ദന്‍ കൂട്ടാക്കിയില്ല.തനിക്കു നേരെ പാഞ്ഞടുത്ത ജനങ്ങളോട് തോക്കു ചൂണ്ടി സ്ഥലം ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്നാണ് അഭിനന്ദന്‍ ആദ്യം ചോദിച്ചത് എന്നാണ് റസാക്ക് പറയുന്നത്.
പാക്കിസ്ഥാനിലാണ് എന്നറിഞ്ഞതോടെ ഭാരത് മാതാ കി ജയ് എന്ന് വിളിച്ചു കൊണ്ടാണ് തനിക്കുനേരെ അടുത്ത ജനക്കൂട്ടത്തെ നേരിട്ടു. ഇതോടെ ജനക്കൂട്ടം പ്രകോപിതരായി. ചെറുപ്പക്കാര്‍ തിരിച്ച് പാകിസ്ഥാന് പട്ടാളത്തിന് ജയ് വിളിച്ചു എന്നും റസാഖ് പറയുന്നു. ഇതിനിടയില്‍ തനിക്കു നേരെ വന്ന ആള്‍ക്കൂട്ടത്തെ നേരിടാനായി അഭിനന്ദന്‍ ആകാശത്തേക്ക് കൈത്തോക്ക് ഉപയോഗിച്ച് പലതവണ വെടിവെച്ചതായും റസാഖ് പറയുന്നു.
ആള്‍ക്കൂട്ടത്തെ വിരട്ടിയോടിച്ച ശേഷം തിരിച്ച് ഇന്ത്യയിലേക്ക് ഓടാന്‍ ശ്രമിച്ചതായും, കൈവശമുണ്ടായിരുന്ന രേഖകള്‍ വലിച്ചുകീറി കളയാനും, വെള്ളത്തില്‍ ഒഴുക്കിക്കളയാനും ശ്രമിച്ചതായും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെയില്‍ ആള്‍ക്കുട്ടത്തില്‍ നിന്നൊരാള്‍ അഭിനന്ദന്റെ കാലില്‍ വെടിവയ്ക്കുകയും ചെയ്തു. ഇതോടെയാണ് അദേഹത്തെ കീഴടക്കാന്‍ പാക്കിസ്ഥാന്‍കാര്‍ക്കായത്.