ചെറിയതോതില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്, പാക് പട്ടാളം പണം നല്കുന്നതിന് തടസം വരുമ്പോള്‍ ബിസിനസില്‍ നിന്നുള്ള വരുമാനം, എല്ലാം ഇന്ത്യയിലേക്ക് ഭീകരരെ കയറ്റി അയയ്ക്കാന്‍, ജെയ്‌ഷെ മുഹമ്മദിന്റെ ശൈലി ഇങ്ങനെ

ഇന്ത്യയ്‌ക്കെതിരേ ഭീകരരെ ഉപയോഗിച്ച് ഒളിയുദ്ധം നടത്തിയാണ് ജെയ്‌ഷെ മുഹമ്മദ് എന്ന കൊടുംതീവ്രവാദ പ്രസ്ഥാനം വളര്‍ന്നത്. നേതാവ് മൗലാന മസൂദ് അസര്‍ തന്റെ അനുയായികളെ ഇന്ത്യയ്‌ക്കെതിരായ വിശുദയുദ്ധമാണ് തങ്ങള്‍ നടത്തുന്നതെന്ന് പറഞ്ഞാണ് കൂടെക്കൂട്ടുന്നത്. ഒപ്പം ചേരുന്ന ഭീകരര്‍ക്ക് ആഡംബരസൗകര്യങ്ങളാണ് നല്കുന്നത്. ഇതിനുള്ള പണം വരുന്നത് വിവിധ വഴികളിലൂടെയാണ്.

നേരത്തെ ഗള്‍ഫ് മേഖലയില്‍ നിന്നായിരുന്നു പണം എത്തിയിരുന്നത്. പിന്നീട് അല്‍ഖ്വയ്ദ ക്ഷയിക്കുകയും ഗള്‍ഫ് രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി വരുകയും ചെയ്തതോടെ ഇത് കുറഞ്ഞു. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തീവ്രവാദത്തിനെതിരേ കര്‍ശന നടപടി എടുത്തതോടെ ഗള്‍ഫ് വരുമാനം നിലച്ചെന്ന് തന്നെ പറയാം.

ഈ സമയത്തെല്ലാം പാക് പട്ടാളത്തിന്റെ സാമ്പത്തികസഹായം ജെയ്‌ഷെ മുഹമ്മദിന് ലഭിച്ചിരുന്നു. 2007 മുതല്‍ പാകിസ്ഥാനിലെ തെക്കന്‍ പഞ്ചാബ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ ഇപ്പോള്‍ ഉപഭോഗ വസ്തുക്കളുടെ ഉല്പാദനം, വിപണനം എന്നിവയിലും ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യയുടെയും അമേരിക്കയുടെയും രഹസ്യാന്വേഷണ സംഘടനകള്‍ പറയുന്നു. അല്‍ റഹ്മത്ത്, അല്‍ റാഷിദ് എന്നീ ട്രസ്റ്റുകള്‍ വഴിയാണ് ജെയ്‌ഷെയ്ക്ക് പണം വരുന്നതെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

ഏതാണ്ട് 1000 ഓളം പരിശീലനം ലഭിച്ച ഭീകരരാണ് ജെയ്‌ഷെക്കുള്ളത്. ഇതുകൂടാതെ ആയിരക്കണക്കിന് പുതിയ റിക്രൂട്ടുകളുമുണ്ട്. ബലൂചിസ്ഥാന്‍ അതിര്‍ത്തിയിലെ ദേരാ ഖസിഖാന്‍, പഞ്ചാബിലെ രജന്‍പൂര്‍, കാപ്ഹാര്‍ ജില്ലകളിലാണ് ജെയ്‌ഷെക്ക് കൂടുതല്‍ കേന്ദ്രങ്ങളുള്ളത്. ഇവിടെതന്നെയാണ് പാകിസ്ഥാനിലെ മറ്റ് ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ തോയ്ബ, ലഷ്‌കര്‍ ഇ ജാംഗ് വി, അല്‍ക്വയ്ദ ,താലിബാന്‍ എന്നിവയുടെ വിഭാഗങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നതും. പാക്കിസ്ഥാനിലെ തൊഴിലില്ലായ്മയും കെട്ടഴിഞ്ഞ ഭരണകൂടവുമാണ് തീവ്രവാദത്തിലേക്ക് യുവാക്കളെ നയിക്കുന്നത്.

Related posts