മട്ടന്നൂർ(കണ്ണൂർ): തില്ലങ്കേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു. ഡിവൈഎഫ്ഐ അരീച്ചാൽ യൂണിറ്റ് സെക്രട്ടറിയും തില്ലങ്കേരി നോർത്ത് മേഖലാ കമ്മിറ്റി അംഗവുമായ അരീച്ചാലിലെ എൻ. മിഥുനിന്റെ പൾസർ ബൈക്കാണ് അഗ്നിക്കിരയാക്കിയത്.
ഇന്നു പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കിനാണ് തീവച്ചത്. ബൈക്ക് പൂർണമായും കത്തിനശിച്ചു. വീടിനും നാശമുണ്ടായി. വീടിന്റെ മുൻഭാഗത്തെ ഞാലിയിലാണ് തീപിടിച്ചത്. വീട്ടുകാർ വിവരം നൽകിയതിനാൽ ഇരിട്ടിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
മുഴക്കുന്ന് പോലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സംശയിക്കുന്നതായി ഡിവൈഎഫ്ഐ ആരോപിച്ചു.