ഇസ്ലാമാബാദ്: പാക്കിസ്ഥാൻ കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റ് വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ വെള്ളിയാഴ്ച വിട്ടയ്ക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാക്കിസ്ഥാൻ പാർലമെന്റിലാണ് ഇമ്രാൻ ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ അതിർത്തിയിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടാൽ അഭിനന്ദൻ വർധമാനെ വിട്ടയക്കുന്ന കാര്യം പരിഗണിക്കുമെന്നു പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കിയിരുന്നു.
അഭിനന്ദൻ വർധമാന്റെ കാര്യത്തിൽ യാതൊരു ഉപാധിക്കും തയാറല്ലെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. അഭിനന്ദൻ വർധമാനെ ജനീവ ഉടന്പടിയുടെ അടിസ്ഥാനത്തിൽ വിട്ടയക്കണം. അഭിനന്ദനെ കസ്റ്റഡിയിൽ വയ്ക്കുന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉടന്പടികളുടെ ലംഘനമാണെന്നും എത്രയും വേഗം അദ്ദേഹത്തെ വിട്ടയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചു പാക്കിസ്ഥാൻ ബുധനാഴ്ച നടത്തിയ വ്യോമാക്രമണം ചെറുക്കുന്നതിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനം തകർന്നാണ് പൈലറ്റായ അഭിനന്ദൻ വർധമാൻ പാക്കിസ്ഥാന്റെ പിടിയിലായത്.