തലശേരി: നഗരമധ്യത്തിലുണ്ടായ വൻ ബോംബ് സ്ഫോടനത്തിൽ 3 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 11.30 ഓടെ മുകുന്ദ മല്ലർ റോഡിൽ ബിജെപി ഓഫീസിനു സമീപത്ത് ആളൊഴിഞ്ഞ പറമ്പിലാണ് സ്ഫോടനം നടന്നത്. പൈപ്പ് ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സ്ഫോടനത്തിനു പിന്നിൽ ബിജെപിയാന്നെന്ന് എ.എൻ ഷംസീർ എംഎൽഎ ആരോപിച്ചു. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം സ്വദേശി സക്കീർ (36), പേരാമ്പ്ര കരി കുളത്തിൽ പ്രവീൺ (33), വേളം പുളിയർ കണ്ടി റഫീഖ് (34) എന്നിവരെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിൽ പ്രവീണിന്റെ മൂക്ക് ചിതറിയ നിലയിലാണുള്ളത്.സക്കീറിന്റെ ഇരു കാലുകൾക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.റഫീഖിന്റെ കേൾവി ശക്തി നഷ്ടപെട്ടിട്ടുണ്ട്.
തലശേരിയിലെ പൂജാ സ്റ്റോറിലേക്ക് ഇത്തി മൊട്ട്, അൽ മൊട്ട്, അരയാൽ മൊട്ട് എന്നിവ ശേഖരിക്കുന്നതിനിടയിൽ ശ്രദ്ധയിൽപെട്ട ഭാരമുള്ള പൈപ്പ് എടുത്ത് മാറ്റുന്നതിനിടയിലാണ് സ്ഫോടനം നടന്നതെന്ന് പരിക്കേറ്റവർ പറഞ്ഞു. പരിക്കേറ്റവരെ എ.എൻ ഷംസീർ എം എൽ എ, നഗരസഭ ചെയർമാൻ സി.കെ. രമേശൻ, വൈസ് ചെയർമാൻ നജ്മ ഹാഷിം, കാത്താണ്ടി റസാഖ്, കെ.ടി ജെയ്സൺ, ഷമീർ, എന്നിവർ സന്ദർശിച്ചു.
ബി ജെപി ഓഫീസിനു സമീപം നടന്ന ബോംബ് സ്ഫോടനത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് എ.എൻ ഷംസീർ എം എൽ എ ആവശ്യപ്പെട്ടു. ബിജെപി വലിയ അക്രമത്തിന് കോപ്പു കൂട്ടുന്നുവെന്നാണ് നഗരമധ്യത്തിൽ ബിജെപി കേന്ദ്രത്തിൽ നടന്ന സ്ഥാടനം നൽകുന്ന സൂചനയെന്നും സംഭവത്തിൽ സമഗ്രമായ അന്വാഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും ഷംസീർ ആവശ്യപ്പെട്ടു.