സുരക്ഷിതയാത്രയ്ക്കായി വിമാനത്തിന്റെ എഞ്ചിനുള്ളിൽ നാണയത്തുട്ട് നിക്ഷേപിച്ച യാത്രികൻ അറസ്റ്റിൽ. ചൈനയിലെ അൻക്വിംഗ് ടിയാൻസ്ഹുഷാൻ വിമാനത്താവളത്തിലാണ് ഏറെ അമ്പരപ്പുളവാക്കിയ സംഭവം അരങ്ങേറിയത്. ലക്കി എയർഫ്ളൈറ്റ് 8L 9960 എന്നവിമാനത്തിൽ കയറുന്നതിനു മുമ്പാണ് യാത്രികൻ എഞ്ചിനുള്ളിലേക്ക് നാണയത്തുട്ട് നിക്ഷേപിച്ചത്.
സംഭവമറിഞ്ഞ് ആശങ്കാകുലരായ വിമാനത്തിന്റെ അധികൃതർ കുണ്മിംഗിലേക്കുള്ള യാത്ര റദ്ദാക്കുകയുമായിരുന്നു. ഇതിനെ തുടർന്ന് 20,000 ഡോളറിന്റെ നാശനഷ്ടമാണുണ്ടായത്.
പിന്നീട് അറസ്റ്റിലായ യാത്രികനെ ചോദ്യം ചെയ്തപ്പോൾ സുരക്ഷിത യാത്രയ്ക്കാണ് താൻ ഇങ്ങനെ ചെയ്തതെന്ന് ഇദ്ദേഹം പറഞ്ഞു. സുരക്ഷിതയാത്രയ്ക്കായി ഇദ്ദേഹം നാണയത്തുട്ട് നിക്ഷേപിച്ചപ്പോൾ 162പേരുടെ യാത്രയാണ് വെള്ളത്തിലായത്. പിന്നീട് മണിക്കൂറുകൾക്കു ശേഷം മറ്റ് വിമാനത്തിലാണ് യാത്രികരെ മുഴുവൻ ലക്ഷ്യ സ്ഥാനത്തെത്തിച്ചത്.
ഇദ്ദേഹത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് വിമാനത്തിന്റെ അധികൃതരിപ്പോൾ.