റിച്ചാർഡ് ബ്രാൻസിന്റെ വർജിൻ ഗലാക്ടിക് വീണ്ടും ബഹിരാകാശത്തെ തൊട്ടു. ഭൂമിയിൽനിന്ന് 90 കിലോമീറ്റർ ഉയരത്തിൽ സഞ്ചരിച്ചാണ് വെർജിൻ ഗലാക്ടിക് പുതിയ സാധ്യതകൾ തുറന്നത്. കഴിഞ്ഞ ഡിസംബറിൽ ആദ്യ പരീക്ഷണപ്പറക്കൽ നടത്തിയ സ്പേസ്ഷിപ് ടു എന്ന പേടകം വെള്ളിയാഴ്ച രണ്ടാം പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി.
റോക്കറ്റിന്റെ സഹായത്തോടെ ഭൂമിക്കു പുറത്തുകടന്ന സ്പേസ്ഷിപ്പ് ടു ഇതിനു മുന്പ് നടത്തിയ യാത്രയേക്കാളും വേഗത്തിലും ഉയരത്തിലുമാണ് കഴിഞ്ഞ ദിവസം എത്തിയത്. ഭാരമില്ലായ്മ നേരിയ തോതിൽ അനുഭവപ്പെടുന്ന ഉയരത്തിലെത്തിയ സ്പസ്ഷിപ്പ് ടുവിൽ രണ്ടു പൈലറ്റുമാരും ആസ്ട്രോനട്ട് ഇൻസ്ട്രക്ടറുമടക്കം മൂന്നു പേരുണ്ടായിരുന്നു.
ഭൗമാതിർത്തിയിൽ മനുഷ്യശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ നീരീക്ഷിക്കുകയും ഈ പറക്കലിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു.