തൊടുപുഴ: യോഗത്തിനിടെ മൈക്ക് പണിമുടക്കിയതിൽ മന്ത്രി ക്ഷുഭിതനായി. വെള്ളിയാമറ്റം പഞ്ചായത്തിലെ തടിയനാൽ അംബേദ്ക്കർ സെറ്റിൽമെന്റ് വികസന പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിച്ച് മന്ത്രി എ.കെ.ബാലൻ പ്രസംഗിക്കുന്നതിനിടെയാണ് മൈക്ക് തകരാറിലായത്.
ഇതോടെ ക്ഷുഭിതനായ മന്ത്രി വേദിയിലുണ്ടായിരുന്ന സംഘാടകരോടും ഉദ്യോഗസ്ഥരോടും നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ചു. മൈക്കില്ലാതെയാണ് കുറച്ച് സമയം മന്ത്രി പ്രസംഗിച്ചത്. തകരാർ പരിഹരിക്കുന്നതിനിടെ മൈക്കിൽ നിന്നും അപശബ്ദം കേട്ടതും അദ്ദേഹത്തെ അസ്വസ്ഥനാക്കി.
ഇതോടെ ദേഷ്യത്തിലായ മന്ത്രി മൈക്ക് എടുത്തെറിയണമെന്നുണ്ടെന്നും മന്ത്രി മൈക്ക് തട്ടിയെറിഞ്ഞെന്ന വാർത്ത നാളെ വരുമെന്നുള്ളതുകൊണ്ട് അത് ചെയ്യുന്നില്ലെന്നും യോഗത്തിൽ പറഞ്ഞു. മൈക്ക് സെറ്റിന്റെ ഉത്തരവാദിത്വം ആർക്കെന്ന് തിരക്കിയ മന്ത്രി വാടക നൽകരുതെന്നും നിർദേശിച്ചു. പണി മുടക്കിയ മൈക്ക് ഏറെ സമയത്തിനു ശേഷമാണ് നന്നാക്കിയത്.