കോഴഞ്ചേരി: ഉന്മേഷവും ആരോഗ്യവും പ്രദാനം ചെയ്യുന്ന കാൽനട സവാരി ഉല്ലാസഭരിതമാക്കാനൊരിടം കോഴഞ്ചേരിയിൽ. സ്തുതിക്കാട്ട് പടി പുഞ്ചയിലെ പാടശേഖരം റോഡിലാണ് ഇതിനുള്ള വേദി ജില്ലാ പഞ്ചായത്ത് നിർമിക്കുന്നത്. പ്രകൃതിഭംഗി ആസ്വദിച്ചും കുളിർകാറ്റുമേറ്റ് പ്രഭാത സായാഹ്ന വേളകളിൽ ഇതുവഴി നടക്കുന്നത് മാനസിക പിരിമുറുക്കത്തിൽ നിന്ന് രക്ഷനേടുന്നതിനും സഹായകരമാകും.
സംഘർഷങ്ങളൊഴിഞ്ഞ് പ്രകൃതിയുമായി ചേർന്ന് കാൽനടയാത്രയ്ക്ക് അനുയോജ്യമായ സ്ഥലമാണ് പദ്ധതി നടത്തിപ്പിനായി ജില്ലാ പഞ്ചായത്ത് നിർദേശിച്ചിരിക്കുന്നത്.തിരുവല്ല കുമ്പഴ സംസ്ഥാന പാതയിൽ കോഴഞ്ചേരി ജെബി ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പാതയുടെ സ്തുതിക്കാട്ട് മുതൽ കൊല്ലീരേത്ത് പടി വരെയുള്ള ഭാഗമാണ് ജില്ലാ പഞ്ചായത്ത് ആധുനിക രീതിയിൽ നവീകരിക്കുന്നത്. 35 ലക്ഷം രൂപയുടെ പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് ഇവിടെ നടപ്പാക്കുന്നത്.
ഒന്നാംഘട്ടമായി 15 ലക്ഷം രൂപ ചെലവഴിച്ച് റോഡ് ഗതാഗതയോഗ്യമാക്കിയിരുന്നു. രണ്ടാം ഘട്ടമായി 20 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. അരകിലോമീറ്ററോളം റോഡ് പൂർണമായും കോൺക്രീറ്റ് ചെയ്ത് സംരക്ഷണ വേലി സ്ഥാപിക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂരിന്റെ നിർദേശപ്രകാരം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ നിന്നുമാണ് ഇതിനുള്ള തുക അനുവദിച്ചത്. ഭംഗിയുള്ള കമ്പിവേലികൾ പ്രായമായവരുടെ നടപ്പിന് സംരക്ഷണം നൽകും. വാഹന ഗതാഗതത്തിനും അനുയോജ്യമായ റോഡ് ശാസ്ത്രീയമായ രീതിയിൽ ഉപയോഗിച്ചാൽ കോഴഞ്ചേരി നഗരത്തിലെ ഗതാഗതകുരുക്ക് ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും.
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 13-ാം വാർഡിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ടികെ റോഡിനെയും മണ്ണാറക്കുളഞ്ഞി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുകയും ചെയ്യുന്ന പാത റാന്നി, ചെറുകോൽ, അയിരൂർ ഭാഗങ്ങളിലേയ്ക്ക് പോകുന്നതിനുള്ള എളുപ്പമാർഗം കൂടിയാണിത്.
സമീപ സ്ഥലങ്ങൾ വൻ ജനവാസം ഏറെയുള്ളവയുമാണ്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. പ്രകാശ് , എക്സിക്യൂട്ടീവ് എന്ജിനീയർ എം.എസ്. ലത എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ച് തുടർനടപടികൾക്കുള്ള ആവശ്യമായ നിർദേശങ്ങൾ നൽകി.