ചെങ്ങന്നൂർ: വികസനം നാടിന്റെ അവകാശമാണെന്നും അതിന് അനുസൃതമായിട്ടാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും പൊതുമരാമത്ത് രജിസ്ട്രേഷൻ മന്ത്രി ജി. സുധാകരൻ പറഞ്ഞു. ചെങ്ങന്നൂർ പാണ്ടനാട് മിത്രമഠം പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം എന്നത് ജനന്മയ്ക്കാക്കാകണം അതിൽ രാഷ്ട്രീയം കലർത്തരുതെന്നും അദ്ദേഹം പറഞ്ഞു.
റോഡുകൾ നന്നാകുന്പോൾ അപകടം ഉണ്ടാകുന്നതിനു റോഡിനെയല്ല കുറ്റം പറയേണ്ടത്. നേരെ ചോവ്വെ വാഹനം ഓടിക്കാൻ അറിയാത്ത ഡ്രൈവർമാരാണ് ഇവിടെ ഉള്ളത്. റോഡിനെ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നടപടിയെടുക്കും.
ഗ്രാമനഗര വ്യത്യസമില്ലാതെ എല്ലായിടത്തും വികസനം എത്തിക്കുവാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതായും പൊതുമരാമത്തു വകുപ്പു തന്നെ ചെങ്ങന്നൂർ മണ്ഡലത്തിൽ മാത്രം ആയിരം കോടിയുടെ നിർമാണ പ്രവർത്തനം നടത്തിയതായും മന്ത്രി പറഞ്ഞു. മുന്പ് ഒരു കേന്ദ്ര സർക്കാരും കാണിക്കാത്ത സമീപനമാണ് കേന്ദ്രം ഇപ്പോൾ കാണിക്കുന്നത്.
ചോദിക്കുന്ന പണം എല്ലാം തരുന്ന കേന്ദ്ര സർക്കാർ 1250 കോടി രൂപയാണ് റോഡ് വികസനത്തിനായി കേന്ദ്ര മന്ത്രി അനുവദിച്ചു തന്നതെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു.
മുൻ എംഎൽഎമാരായ പി.സി വിഷ്ണുനാഥ്, മാമ്മൻഐപ്പ്, ജില്ലാ പഞ്ചായത്ത് അംഗം ജോജി ചെറിയാൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി അജിത, വൈസ് പ്രസിഡന്റ് ജി. വിവേക്, പാണ്ടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശിവൻകുട്ടി ഐലാരത്തിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജി. കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്ത് അംഗം എം.എസ് രാധാകൃഷ്ണൻ, സി. ജയചന്ദ്രൻ, ടി. കെ ചന്ദ്രചൂഡൻ നായർ, വത്സല മോഹൻ പ്രൊഫ. പി ഡി ശശിധരൻ എന്നിവർ പ്രസംഗിച്ചു.