ചിറയിൻകീഴ്: ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചത് മർദനത്തെ തുടർന്നെന്ന് സംശയം. സംഭവത്തിൽ മൂന്ന് യുവാക്കൾ പോലീസ് കസ്റ്റഡിയിൽ. കഴക്കൂട്ടം എഫ്സിഐ ഗോഡൗണിന് സമീപം പുത്തൻവീട്ടിൽ വിഷ്ണു (21) മരിച്ച സംഭവത്തിലാണ് മൂന്ന് യുവാക്കളെ ചിറയിൻകീഴ് പോലീസ് കസ്റ്റഡിയിലെടുത്തത്.
വിഷ്ണുവിന്റെ സുഹൃത്തും ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ളതുമായ യുവാവിന്റെ ഫോണ് ഹാക്ക് ചെയ്തെന്ന സംശയമാണ് മർദനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്ന് കസ്റ്റഡിയിലായ യുവാക്കൾ പോലീസിനോട് പറഞ്ഞു. പെരുങ്ങുഴി ഇടഞ്ഞുംമൂല സ്വദേശികളായ മൂന്ന് യുവാക്കളാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിഷ്ണുവിനെ പെരുങ്ങുഴി നാല്മുക്ക് സ്വദേശികളായ യുവാക്കൾ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ വച്ച് വിഷ്ണു മരണമടഞ്ഞു. ഇതേ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെട്ടു. ആശുപത്രി അധികൃതർ വിവരം ചിറയിൻകീഴ് പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി നടത്തിയ അന്വേഷണത്തിലാണ് മരണമടഞ്ഞത് കഴക്കൂട്ടം സ്വദേശിയായ വിഷ്ണു ആണെന്ന് തിരിച്ചറിഞ്ഞത്.
യുവാക്കൾ എത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. പെരുങ്ങുഴി ഇടഞ്ഞുംമൂല കോളം റെയിൽവെ ക്രോസിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വിഷ്ണുവിനെ കൊണ്ടു പോയി ക്രൂരമായി മർദ്ദിക്കുകയും അവശനായതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയുമായിരുന്നുവെന്ന് പിടിയിലായവർ പോലീസിനോട് പറഞ്ഞു.
തെങ്ങിൽ നിന്നും വീണ് പരിക്കേറ്റു എന്നായിരുന്നു ഇന്നലെ വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചപ്പോൾ ആശുപത്രി അധികൃതരോട് വ്യക്തമാക്കിയിരുന്നത്. വിഷ്ണുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ആറ്റിങ്ങൽ ഡിവൈഎസ്പി. പി.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.