സ്വന്തം ലേഖകന്‍
കോഴിക്കോട്: ലോക്സഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മൂന്നാം സീറ്റ് വേണമെന്ന വാദത്തില്‍ നിന്നും മുസ്ലിം ലീഗ് പിന്മാറിയേക്കും. ഇന്ന് വൈകുന്നേരം കോഴിക്കോട് നടക്കുന്ന ചര്‍ച്ചയില്‍ ആവശ്യത്തില്‍ നിന്നും ലീഗ് പിന്മാറുമെന്നാണ് സൂചന. ലീഗിന് മൂന്നാം സീറ്റ് നല്‍കാനാവില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ച് നില്ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം പ്രശ്നപരിഹാരത്തിനായി ചില ഫോര്‍മുലകള്‍ മുന്നോട്ടുവയ്ക്കും. ലീഗുമായി ധാരണയിലാകുമെങ്കിലും പ്രഖ്യാപനം കേരള കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയായതിന് ശേഷമേ നടക്കാന്‍ സാധ്യതയുള്ളൂ.
നിലവില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള നേതാക്കളുമായുള്ള അനൗദ്യോഗിക ചര്‍ച്ചയില്‍ മൂന്നാം സീറ്റിന് കടും പിടുത്തമുണ്ടാകില്ലെന്ന്സൂചന ലീഗ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അവസാനനിമിഷം വരെ മൂന്നാം സീറ്റിനായി നിലകൊണ്ടുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മൂന്നാം സീറ്റ് നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതല്‍ സീറ്റുകളില്‍ സ്വന്തമായി നേടി ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവിന്റെആവശ്യകത ലീഗിനെ പ്രത്യേകിച്ചും പി.കെ.കുഞ്ഞാലിക്കുട്ടി എംപി ഉള്‍പ്പെടെയുള്ളവരെ നേതൃത്വം അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. ലീഗുമായി വളരെഎ അടുത്ത ബന്ധം പുലര്‍ത്തുന്ന ഉമ്മന്‍ചാണ്ടിയുടെ ഇടപെടലുകളാണ് ഇതിനു പിന്നില്‍ .
കൂടുതല്‍ രാജ്യസഭാ സീറ്റും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധിക സീറ്റുകളും എന്ന ഫോര്‍മുലയില്‍ ലീഗുമായി ധാരണയുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന ഒരു നീക്കവും വേണ്ടതില്ലെന്ന ധാരണ ലീഗ് നേതാക്കള്‍ക്കിടയിലും ഉണ്ട്.
പക്ഷേ കേരള കോണ്‍ഗ്രസില്‍ ജോസഫ് സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് നില്ക്കുന്ന സാഹചര്യത്തില്‍ മൂന്നാം തീയതി അവരുമായുള്ള ചര്‍ച്ച കൂടി പൂര്‍ത്തീകരിച്ച ശേഷമായിരിക്കും പ്രഖ്യാപനം. മലപ്പുറം, പൊന്നാനി ലോക്സഭാസീറ്റുകള് പുറമെ ഒരു സീറ്റുകൂടി വേണമെന്നായിരുന്നു ലീഗിന്റെ ആവശ്യം.
കേരള കോണ്‍ഗ്രസിനും അധിക സീറ്റ് ഉണ്ടാകുകയില്ല. ഈ കാര്യത്തില്‍ ലീഗ് നേതാക്കള്‍ക്ക് ഉറപ്പ് കിട്ടിയിട്ടുണ്ട്. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതാണ് മുന്നണി എന്ന നിലയില്‍ യുഡിഎഫ് നേരിടുന്ന എറ്റവും വലിയ വെല്ലുവിളി.
ഇക്കാര്യങ്ങള്‍ കൂടി ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ വിഷയമാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ.പി.എ. മജീദ് എന്നിവര്‍ പങ്കെടുക്കും.