തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐയുടെ സ്ഥാനാർഥി സാധ്യതാ പട്ടികയായി. അതത് ജില്ലാ നേതൃത്വങ്ങളുടെ പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്. തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുൻ മന്ത്രി സി.ദിവാകരൻ, ജി.ആർ. അനിൽ എന്നിവരുടെ പേരുകളാണുള്ളത്.
തൃശൂര്‍ മണ്ഡലത്തിലേക്കും മൂന്നംഗ സാധ്യതാ പട്ടികയാണ്. സിറ്റിംഗ് എംപി സി.എൻ.ജയദേവൻ, മുന്‍ മന്ത്രി കെ.പി. രാജേന്ദ്രൻ, ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ് എന്നിവരുടെ പേരുകളാണ് ജില്ലാ കൗണ്‍സിൽ നിർദേശിച്ചത്. മത്സരിക്കണമെന്ന ആവശ്യം മന്ത്രി വി.എസ്. സുനിൽകുമാർ തള്ളിയിരുന്നു.
മാവേലിക്കര ലോക്സഭാ മണ്ഡലത്തിലേക്കുള്ള സാധ്യത പട്ടികയിൽ ചിറ്റയം ഗോപകുമാർ, ആർ.എസ്.അനിൽ, ദിനേശ് ബാബു എന്നിവരുടെ പേരുകളുണ്ട്. വയനാട് സീറ്റിലേക്ക് സത്യൻ മൊകേരിയെയാണ് സിപിഐ നേതൃത്വം പരിഗണിക്കുന്നത്.