തൃശൂർ: നാട്ടിലെത്തിയ ഹിന്ദിക്കാരെ ലഹരിയിൽ നിന്ന് മുക്തമാക്കാൻ ബോധവൽക്കരണവുമായി ഇന്റർ കോളജിയേറ്റ് പ്രെയർ ഫെല്ലോഷിപ്പ്(ഐസിപിഎഫ്) തൃശൂരിലെത്തി. വടക്കൻ സംസ്ഥാനങ്ങളിൽ നടത്തിയ ബോധവൽക്കരണത്തിനുശേഷമാണ് സംഘം കഴിഞ്ഞ ദിവസം തൃശൂരിലെത്തിയത്.
ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി കഴിയുന്ന കുട്ടനെല്ലൂർ സെന്ററിലാണ് ഐസിപിഎഫിന്റെ ഏയ്ഞ്ചലോസ് മൊബൈൽ ടീം ഹിന്ദിയിൽ ബോധവൽക്കരണം നടത്തിയത്. മദ്യം, ലഹരിമരുന്ന്, പുകയില ഇവയുടെ ദോഷവശങ്ങൾ പ്രതിപാദിക്കുന്ന ഗാനങ്ങൾ, നാടകം, സിനിമാ പ്രദർശനം എന്നിവ നടത്തി.
സുനിൽ പട്ടിമറ്റം സംവിധാനവും രചനയും നിർവഹിച്ച ’അറിയുക പ്രിയ മിത്രങ്ങളെ’ എന്ന നാടകമാണ് അവതരിപ്പിച്ചത്. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ആർ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ടോണി ഡി.ചൊവ്വൂക്കാരൻ അധ്യക്ഷത വഹിച്ചു. ടീം ലീഡർ കുഞ്ഞുമോൻ മാത്യുസ്, ജില്ലാ കണ്‍വീനർ ജെയ്സ് വർഗീസ്, പാസ്റ്റർ ഫിന്നി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.