ചെറുവത്തൂർ: കായൽ-കര ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്തി മടക്കര കൃത്രിമ ദ്വീപിനെ ആകർഷകമായ വിനോദ സഞ്ചാര കേന്ദ്രമാക്കാൻ അധികൃതർ തയാറെടുപ്പ് നടത്തുന്നു. മടക്കര മൽസ്യബന്ധന തുറമുഖത്തിനടുത്ത് പുഴയിൽ മണൽ നിറച്ചു ഒരുക്കിയെടുത്ത 15 ഏക്കറോളം വരുന്ന കൃത്രിമ ദ്വീപാണ് വഞ്ചിവീടുകളിൽ സഞ്ചരിക്കുന്നവരെയും മറ്റു വിനോദ സഞ്ചാരികളെയും വിശ്രമ കേന്ദ്രമായി പരിഗണിക്കാമെന്ന നിർദേശം ഉയർന്നിട്ടുള്ളത്.
ഇതു സംബന്ധിച്ച് തൃക്കരിപ്പൂർ എംഎൽഎ എം. രാജഗോപാലൻ നൽകിയ നിവേദനത്തിലാണ് ജില്ലാ കളക്ടർ സാധ്യതാ പഠനത്തിന് നിർദേശിച്ചിട്ടുള്ളത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ബിജു രാഘവനോടാണ് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്.
അടുത്ത ദിവസം തന്നെ വിദഗ്ദർ റിപ്പോർട്ട് തയാറാക്കാനെത്തുമെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു. 400 മീറ്റർ നീളത്തിലും 150 മീറ്റർ വീതിയിലുമായി ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് കൃത്രിമ ദ്വീപ് ഒരുക്കുന്നത്. അഞ്ചു മീറ്റർ വീതിയിലുള്ള ജിയോ മണൽ ട്യൂബിൽ മണൽ നിറച്ചാണ് ദ്വീപിന്റെ അതിരായി സ്ഥാപിച്ചിട്ടുള്ളത്.
നിർമാണത്തിനായി 3.69 കോടി രൂപയാണ് ചെലവിടുന്നത്. ബോട്ട് ചാനൽ നിർമിക്കുന്നതിനായി നീക്കിയ മണൽ ഉപയോഗിച്ചാണ് കൃത്രിമ ദ്വീപ് രൂപപ്പെടുത്തിയത്. നീലേശ്വരം കോട്ടപ്പുറത്തു നിന്ന് വലിയപറമ്പിലേക്ക് 20 ൽപരം വഞ്ചിവീടുകൾ ഇപ്പോൾ തന്നെ നിത്യവും വന്നുപോകുന്നുണ്ട്.
ഇവയിലെ സഞ്ചാരികൾക്ക് ഒരു ഇടത്താവളമെന്ന നിലയിൽ ഇവിടെ സൗകര്യമൊരുക്കിയാൽ ഏറെ ആകർഷകമാവും. തീരദേശത്തെ ജലാശയങ്ങളെ ബന്ധിപ്പിച്ചു നടത്തുന്ന കായൽ യാത്രയെ കൂടാതെ കലാ-സാംസ്കാരിക-ജൈവ വൈവിധ്യ കേന്ദ്രങ്ങളേയും ബന്ധിപ്പിച്ചുള്ള ടൂറിസം സാധ്യത പഠന വിധേയമാക്കിയാൽ നാട്ടിലെയും മറുനാട്ടിലെയും നിരവധി സഞ്ചാരികൾ ഇവിടം തേടിയെത്തുമെന്നതിൽ സംശയമില്ല.