ഇന്ത്യ- പാക് സംഘര്‍ഷങ്ങള്‍ കൊടുമ്പിരി കൊള്ളുന്ന സമയങ്ങളില്‍ സമാധാനം നഷ്ടപ്പെടുന്ന ഒരു കുടുംബമുണ്ട്. മുന്‍ പാക്കിസ്ഥാന് ക്രിക്കറ്റ് താരം ഷോയിബ് മാലിക്കും ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിര്‍സയും. പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് ഇന്ത്യയ്ക്കെതിരായി എന്ത് പ്രവര്‍ത്തിയുണ്ടായാലും സോഷ്യല്‍മീഡിയ വഴി ആളുകള്‍ സാനിയ മിര്‍സയോട് അതിന് പ്രതികരണം ചോദിക്കും. പാക് മരുമകളായിരിക്കുന്ന സാനിയ അതിന് ഉത്തരം പറയാന്‍ ബാധ്യസ്ഥയാണെന്നാണ് അവര്‍ വാദിക്കുന്നത്.
പുല്‍വാമയില്‍ ആക്രമണം ഉണ്ടായ സമയത്ത് ആളുകളുടെ ശല്യം സഹിക്ക വയ്യാതെ സാനിയ പൊട്ടിത്തെറിക്കുക പോലുമുണ്ടായി. ഭീകരാക്രമണം ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നത് അറിയാവുന്ന കാര്യമല്ലേയെന്നും പാക്കിസ്ഥാന് സ്വദേശിയായ വ്യക്തിയെ വിവാഹം കഴിച്ചെന്ന പേരില്‍ തന്റെ ആക്രമിക്കുന്നത് ശരിയല്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ ഏതായാലും സാനിയ മൗനം വെടിഞ്ഞിരിക്കുകയാണ്. വിംഗ് കമാന്‍ഡര്‍ അഭിനന്ദന് ഇന്ത്യയില്‍ തിരികെയെത്തിയ സാഹചര്യത്തിലാണ് സാനിയ തന്റെ സന്തോഷം പങ്കുവച്ചിരിക്കുന്നത്.
‘വിംഗ് കമാന്‍ഡര്‍ അഭിനന്ദന് സ്വാഗതം.. നിങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഞങ്ങളുടെ ഹീറോ ആണ്. നിങ്ങളുടെ ധൈര്യത്തിനും നിങ്ങള്‍ കാണിച്ച മാന്യതയ്ക്കും ഞങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കുന്നു’ എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്. സാനിയയുടെ പ്രതികരണം വന്നതോടെ ആരാധകര്‍ക്ക് ചെറിയ ആശ്വാസമായിക്കാണണം.
Welcome back Wing Commander Abhinandan .. you are our HERO in the truest sense.. The country salutes you and the bravery and dignity you have shown 🇮🇳 #Respect #WelcomeBackAbinandan Jai Hind
— Sania Mirza (@MirzaSania) March 1, 2019