ന്യൂഡൽഹി: നിർമല സീതാരാമൻ ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധമന്ത്രിയാണെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്. ഇന്ദിരാ ഗാന്ധിയാണ് ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധ മന്ത്രിയെന്നും ചരിത്രം അറിയില്ലെങ്കിൽ പഠിക്കണമെന്നും കോണ്‍ഗ്രസ് പരിഹസിച്ചു.
കന്യാകുമാരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് നിർമലാ സീതാരാമനാണ് ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധമന്ത്രിയെന്നു മോദി പറഞ്ഞത്. പാക് കസ്റ്റഡിയിൽനിന്നു മടങ്ങിയെത്തിയ അഭിനന്ദൻ തമിഴ്നാട്ടുകാരനാണ് എന്നതിൽ തമിഴ്നാട്ടുകാർക്ക് അഭിമാനിക്കാമെന്ന് പറഞ്ഞതിനൊപ്പം “ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രി തമിഴ്നാട്ടുകാരിയാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു’ എന്ന് മോദി പറഞ്ഞു.
ഇതിനെതിരേയാണു കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയത്. നിങ്ങളുടെ പൊളിറ്റിക്കൽ സയൻസ് ക്ലാസുകൾക്കിടെ ഈ പാഠം പഠിക്കാൻ വിട്ടു പോയതാണോ എന്ന് കോണ്‍ഗ്രസ് ട്വിറ്ററിൽ ചോദിച്ചു. പൊളിറ്റിക്കൽ സയൻസിൽ ബിരുദമുണ്ടന്ന അവകാശവാദം ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം.
1983-ൽ പൊളിറ്റിക്കൽ സയൻസിൽ മോദി ഗുജറാത്ത് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയെന്ന് മുൻ വൈസ് ചാൻസലർ എം.എൻ. പട്ടേൽ അവകാശപ്പെട്ടിരുന്നു. എന്നാൽ തന്റെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ പരസ്യമാക്കാൻ മോദി ഇതുവരെ തയ്യാറായിട്ടല്ല.
1975-ലാണ് പ്രതിരോധമന്ത്രിയായി ഇന്ദിരാഗാന്ധി സ്ഥാനം ഏറ്റെടുത്തത്. പിന്നീട് 1980-ൽ വീണ്ടും അവർ പ്രതിരോധമന്ത്രി സ്ഥാനം കൈയാളി.