കോഴിക്കോട്: പുതുമുഖ ചിത്രങ്ങള്‍ക്ക് തിയറ്ററുകള്‍ ലഭിക്കാന്‍ ഇന്നും പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നതായി വാരിക്കുഴിയിലെ കൊലപാതകം എന്നസിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അമിത് ചക്കാലയ്ക്കല്‍ . പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കുന്ന ചിത്രങ്ങള്‍ ഈ കാലഘട്ടത്തിലും വെല്ലുവിളി നേരിടേണ്ടി വരുന്നുണ്ട്. താന്‍ ആദ്യമായി നായക വേഷത്തില്‍ എത്തുന്ന ഈ ചിത്രവും ഇത്തരത്തില്‍ കടുത്ത പ്രതിസന്ധികള്‍ നേരിട്ടാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
ഹണിബീ, പ്രേതം ടൂ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ ചെറിയ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട തനിക്ക് അവിചാരിതമായി ലഭിച്ച അവസരമാണ് വാരിക്കുഴിയിലെ കൊലപാതകത്തിലെ പള്ളിയില്‍ അച്ചന്റെ വേഷം. അറിയപ്പെടുന്ന താരങ്ങളെവച്ച് ചെയ്യാന്‍ തീരുമാനിച്ച ചിത്രത്തില്‍ താരങ്ങളുടെ ഡേറ്റ് ലഭിക്കാതെ വരുകയും ഒടുവില്‍ തന്നെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്യാന്‍ സംവിധായകന് രജീഷ് മിഥില തീരുമാനമെടുക്കുകയുമായിരുന്നു.
എന്നാല്‍ ശ്രദ്ധേയനായ താരമല്ലാത്തതിനാല്‍ 15 പ്രൊഡ്യൂസര്‍മാരാണ് ചിത്രത്തില്‍ നിന്നും പിന്മാറിയത്. ഒടുവില്‍ അപ്രതീക്ഷിതമായി കോഴിക്കോട് എത്തിയപ്പോഴാണ് സുജീഷ് കോലതൊടിയും ഷിബുദേവദത്തും ചിത്രം ചെയ്യാന്‍ താത്പര്യമെടുത്തതെന്നും അമിത് പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ പറഞ്ഞു.
ചിത്രത്തിന്റെ വിജയം പുതുമുഖങ്ങള്‍ക്കുള്ള അവസരമാണ് തുറന്നിടുന്നതെന്നും അമിത് കൂട്ടിചേര്‍ത്തൂ. ആദ്യപ്രദര്‍ശനം മുതല്‍ ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ചിത്രം ചൈനയില്‍ പ്രദര്‍ശിപ്പിക്കാനുള്ള തയാറെടുപ്പുമായി ഒരു സംഘം എത്തിയതായും ചൈനയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യമലയാള ചിത്രമെന്ന അംഗീകാരം ചിത്രത്തിന് ലഭിക്കുമെന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും സംവിധായകന് രജീഷ് മിഥില പറഞ്ഞു.
സിനിമയിലെ താരമൂല്യങ്ങളേക്കാള് പാട്ടുകള്‍ക്ക് പ്രധാന്യം കല്പ്പിക്കുന്നതിനാല് തന്നെയാണ് ശ്രേയ ഘോഷാല്‍ ചിത്രത്തിലെ ഗാനമാലപിക്കാന്‍ എത്തിയത്. ചിത്രത്തിലെ പാട്ട് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചത് തിരിച്ചു വരവിലെ അംഗീകാരമാണന്നും നോട്ടുബുക്കിലൂടെ സംഗീതസംവിധായകനായും നടനായും പ്രേക്ഷകരുടെ മനസില്‍ ഇടം കണ്ടെത്തിയ മെജോ ജോസഫ് പറഞ്ഞു.
അമാനുഷികമായ നായകകഥാപാത്രം അല്ലെന്നതും കാമ്പുള്ള കഥയാണന്നതുമാണ് സിനിമ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് നിര്‍മാതാക്കളായ സുജീഷ് കോലതൊടിയും ഷിബുദേവ്ദത്തും പറഞ്ഞു. മികച്ച പ്രതികരണമാണ് പുറത്ത് നിന്നും ലഭിക്കുന്നതെന്നും ഇരുവരും കൂട്ടിചേര്‍ത്തൂ.