സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലപാതകത്തിൽ സിപിഎമ്മിന്റെയും സർക്കാരിന്റെയും ഇടപെടൽ. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി കേസ് അട്ടിമറിക്കാൻ ശ്രമം. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി വി.എം. മുഹമ്മദ് റഫീഖിനെയാണ് മാറ്റിയത്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുന്നതിനു പോലും അവസരം ഒരുക്കാതെയാണ് എസ്പിയെ മാറ്റിയത്. എറണാകുളത്തേക്കാണ് മുഹമ്മദ് റഫീഖിനെ മാറ്റിയത്. കോട്ടയം ക്രൈംബ്രാഞ്ചിലെ കെ.എം. സാബു മാത്യുവിനാണ് പകരം ചുമതല. കേസിൽ ഇടപെടുന്നുവെന്ന സംശയത്തെ തുടർന്ന് കാസർഗോഡ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.പി. രഞ്ജിത്തിനെ കോഴിക്കോട് ഡിസിആർബിയിലേക്ക് രണ്ടു ദിവസം മുന്പ് സ്ഥലം മാറ്റിയിരുന്നു.
കഴിഞ്ഞമാസം 25 മുതലാണ് മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയത്. പെരിയ ലോക്കൽ കമ്മിറ്റിയംഗം പീതാംബരനിൽ അന്വേഷണം അവസാനിപ്പിക്കുന്നതായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം. എന്നാൽ, ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ കൂടുതൽ സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീളുകയായിരുന്നു.
കൊല്ലപ്പെട്ടവരുടെ കുടുംബം നൽകിയ മൊഴി അടക്കം സിപിഎമ്മിന്റെ ഉന്നത നേതാക്കളെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. എന്നാൽ, കൊലപാതകം വെറും പ്രാദേശിക വിഷയം മാത്രമാണെന്നും പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ള പ്രവർത്തകരാണ് ഇതിന്റെ പിന്നിലെന്നുമായിരുന്നു സിപിഎം ആരോപണം. അന്വേഷണം പീതാംബരനിൽ ഒതുക്കണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിരുന്നു.
ജില്ലയിലെ പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും കേസ് ഏറ്റെടുത്ത എസ്പിയുടെ നേത്യത്വത്തിലുള്ള സംഘം ആദ്യനാൾ തന്നെ കൊല്ലപ്പെട്ട ശരത് ലാൽ, കൃപേഷ് എന്നിവരുടെ രക്ഷിതാക്കളിൽ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവർ നൽകിയ മൊഴി വിരൽ ചൂണ്ടിയത് സ്ഥലത്തെ സിപിഎം പ്രാദേശിക നേതാക്കളായ ക്വാറി ഉടമയിലേക്കും മലഞ്ചരക്ക് വ്യാപാരിയിലേക്കുമായിരുന്നു.
ഇതിൽ ക്വാറി ഉടമയുടെ നാലു വാഹനങ്ങളാണ് കൊലയാളി സംഘം ഉപയോഗിച്ചതെന്നും തെളിഞ്ഞിരുന്നു. അന്വേഷണം ഇവരിലേക്കും തൊട്ടടുത്ത ഉദുമ ഏരിയാ സെക്രട്ടറി, പള്ളിക്കരയിലെ ബ്രാഞ്ച് സെക്രട്ടറി എന്നിവരിലേക്കും തിരിഞ്ഞതോടെയാണ് എസ് പിക്കെതിരേ സിപിഎം തിരിഞ്ഞത്.