മട്ടാഞ്ചേരി: അന്യം നിന്നുകൊണ്ടിരിക്കുന്ന കുരുവികൾക്ക് കൂടൊരുക്കി അവയുടെ സ്വൈര്യവിഹാരം വീണ്ടും തിരിച്ചു കൊണ്ടുവരുവാൻ തയാറെടുക്കുകയാണ് മട്ടാഞ്ചേരി ടിഡി ജിഎൽപി സ്കൂളിലെ കുരുന്നു വിദ്യാർഥികൾ. വായു മലിനീകരണം കൊണ്ടും വൃക്ഷലതാദികൾ വ്യാപകമായി വെട്ടിനിരത്തിയതിലൂടെയും നാടുവിട്ട പക്ഷികളെയാണ് വീണ്ടും തിരിച്ചുകൊണ്ടുവരുവാനായി വിദ്യാർഥിളുടെയും അധ്യാപകരുടെയും ശ്രമം ആരംഭിച്ചിരിക്കുന്നത്.
കൊച്ചിയിലെ സാമൂഹിക സംഘടനയായ ജെയിൻ ഫൗണ്ടേഷനാണ് കുരുവികൾക്ക് ഒരു കൂടൊരുക്കാം എന്ന പദ്ധതി കഴിഞ്ഞ പന്ത്രണ്ട് വർഷമായി കൊച്ചിയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. സ്കൂളുകളും ലൈബ്രറികളും കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഫൗണ്ടേഷൻ ചെയർമാൻ മുകേഷ് ജെയിൻ പറഞ്ഞു.
സ്വന്തം വീടുകളിൽ കൂടുകളും പൂമുഖത്ത് പക്ഷികൾക്ക് ദാഹജല കോപ്പകളും സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മുകേഷ് കൂടൊരുക്കുന്നതിനാവശ്യമായ മൺകലങ്ങളും പക്ഷികൾക്ക് ദാഹജലം സംഭരിക്കുന്നതിനാവശ്യമായ മൺകോപ്പകളും വിതരണം ചെയ്തു. ചടങ്ങിൽ പക്ഷികളെ സംരക്ഷിക്കു മെന്ന് പ്രതിജ്ഞയും സ്വീകരിച്ചു.
പക്ഷികൾക്ക് ദോഷകരമായി മാറുന്ന പ്ലാസ്റ്റിക് നുലുകൾ ഉപയോഗിച്ച് പട്ടം പറത്തില്ലന്ന പ്രതിജ്ഞയാണ് കുട്ടികൾക്ക് ചൊല്ലിക്കൊടുത്തത്. ശ്രീകരം പ്രസിഡന്റ് ആർ. പ്രകാശ് കുട്ടികളോട് സംവദിച്ചു. വിജയനാഥ് മല്യ, അബ്ദുൾ കലാം, മജീഷ്യൻ ഷറീഫ് അലി, സരള ഡി. പ്രഭു, ഉണ്ണികൃഷ്ണൻ, സന്ധ്യ, എ. ശ്രീധരൻ , വേണുഗോപാൽ കെ. പൈ, ഷറീഫ്എന്നിവർ പങ്കെടുത്തു.