കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: നഗര പരിധിയിലെ റോഡുകളുടെ പരിപാലനത്തിൽ ഗുരുതര വീഴ്ച വരുത്തിയ തിരുവനന്തപുരം റോഡ് ഡെവലപ്പ്മെന്റ് കന്പനി ലിമിറ്റഡ് (ടിആർഡിസിഎൽ) നെ ഒഴിവാക്കാൻ സർക്കാർ നിയമോപദേശം തേടി.
ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗര പരിധിയിലെ റോഡുകളുടെയും ട്രാഫിക് ഐലൻഡുകളുടെയും പരിപാലന ചുമതലയിൽ നിന്ന് ടിആർഡിസിഎല്ലിനെ ഒഴിവാക്കാൻ കേരള റോഡ് ഫണ്ട് ബോർഡ് നിയമോപദേശം തേടി.
കേരള റോഡ് ഫണ്ട് ബോർഡിലെ നിയമോപദേഷ്ടാവിനോടും നിയമ സെക്രട്ടറിയോടുമാണു നിയമോപദേശം തേടിയിട്ടുള്ളത്. 2005 മുതൽ വിവിധ ഘട്ടങ്ങളിലായി തിരുവനന്തപുരം നഗര റോഡുകളുടെ പരിപാലനത്തിനായി ടിആർഡിസിഎല്ലുമായി റോഡ് ഫണ്ട് ബോർഡ് കരാറിൽ ഏർപ്പെട്ടിരുന്നു. 2022 മുതൽ 2030 വരെയാണു വിവിധ കരാറുകളിലായി ടിആർഡിസിഎല്ലിന് പരിപാലന ചുമതലയുള്ളത്.
പരിപാലന ചുമതലയിൽ നിന്ന് ഇവരെ ഒഴിവാക്കിയാൽ നഷ്ടപരിഹാരം നൽകേണ്ടി വരുമോ എന്നത് അടക്കമുള്ള വിഷയങ്ങളിൽ നിയമോപദേശം തേടിയിട്ടുണ്ട്. ആവശ്യമെങ്കിൽ പൊതുമരാമത്ത് വകുപ്പ് അഡ്വക്കേറ്റ് ജനറലിന്റെ (എജി) നിയമോപദേശവും തേടും. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടി സ്വീകരിക്കുക. നഗര റോഡ് വികസന പദ്ധതിയിൽ നിന്ന് ടിആർഡിഎല്ലിനെ ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായി ഇവരുടെ മാതൃ കന്പനിയായ മുംബൈയിലെ ഐഎൽ ആൻഡ് എഫ്എസ് കന്പനി പ്രതിനിധികളുമായി ചീഫ് സെക്രട്ടറി ടോം ജോസ് ചർച്ച നടത്തുന്നുണ്ട്.
സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ 42 കിലോമീറ്റർ റോഡ് പരിപാലനവും സമയ ബന്ധിതമായ വശങ്ങളിലെ ഹരിതവത്കരണവും ട്രാഫിക് ഐലൻഡുകളുടെ പരിപാലനവും മുംബൈയിലെ ഐഎൽ ആൻഡ് എഫ്എസ് കന്പനി ആന്വറ്റി സ്കീം പ്രകാരം കരാർ നേടിയിരുന്നു.
ഐഎൽ ആൻഡ് എഫ്എഫ്, ടിആർഡിസിഎൽ എന്ന സബ്സിഡിയറി കന്പനി രൂപീകരിച്ചായിരുന്നു വാർഷിക അറ്റകുറ്റപ്പണിയും പരിപാലനവും നടത്തിയിരുന്നത്. എന്നാൽ, 2018 ൽ നഗര റോഡിലെ 12 കിലോമീറ്റർ ഭാഗം തകർന്നിരുന്നു. ഇവിടെ റീ സർഫസിംഗ് ജോലികൾ നടത്തണമെന്നു റോഡ് ഫണ്ട് ബോർഡ് നിർദേശിച്ചിരുന്നു. ഇതോടൊപ്പം ട്രാഫിക് ഐലൻഡുകൾ തകരാറിൽ ആയിട്ടു പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചില്ല.
തുടർന്ന് ആന്വിറ്റി പദ്ധതി പ്രകാരം കഴിഞ്ഞ വർഷം നൽകേണ്ട 11 കോടി രൂപ തടഞ്ഞു വയ്ക്കാൻ മന്ത്രി ജി. സുധാകരൻ നിർദേശം നൽകി. അറ്റകുറ്റപ്പണി നടത്തിയ ചിലയിടങ്ങളിൽ ഇന്ത്യൻ റോഡ്സ് കോണ്ഗ്രസ് നിബന്ധനകൾ പാലിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കണ്ടെത്തി.
എന്നാൽ, രാജ്ഭവൻ- വെള്ളയന്പലം, മ്യൂസിയം റോഡുകളുടെ പരിപാലനം മാത്രമാണ് ഇവർ നടത്തിയിരുന്നതെന്ന് അധികൃതർ പറഞ്ഞു. മറ്റു റോഡുകൾ പരിപാലിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയതായും കണ്ടെത്തിയതായും അവർ പറഞ്ഞു.ട്രാഫിക് ഐലൻഡുകളിലെ സിഗ്നൽ ലൈറ്റുകൾ പ്രവർത്തന യോഗ്യമാക്കുന്നത് അടക്കമുള്ള നടപടികൾ റോഡ് ഫണ്ട് ബോർഡ് പുനഃസ്ഥാപിച്ചു. ഇതിന്റെ ചെലവ് കഴിച്ചുള്ള തുകയാകും നൽകുക.