കൊല്ലം വളവുപച്ച മഹാദേവര്‍കുന്ന് സജീന മന്‍സിലില്‍ ബഷീര്‍ (72) കുത്തേറ്റു മരിച്ച സംഭവം രാഷ്ട്രീയ കൊലപാതകമാക്കാനുള്ള സിപിഎം നീക്കം പിഴയ്ക്കുന്നു. കോണ്‍ഗ്രസുകാര്‍ കുത്തിക്കൊന്നെന്ന വാദം തെറ്റാണെന്ന് പോലീസ് റിപ്പോര്‍ട്ട് വന്നതും ബന്ധുക്കള്‍ രാഷ്ട്രീയ കൊലപാതകമല്ലെന്ന് പറഞ്ഞതുമാണ് പാര്‍ട്ടിക്ക് തിരിച്ചടിയായത്.
കപ്പ വില്പനയുമായി ഉണ്ടായ തര്‍ക്കത്തിനിടെയാണ് കുത്തേറ്റ വളവുപച്ച മഹാദേവര്‍കുന്ന് സജീന മന്‍സിലില്‍ ബഷീര്‍ (72) മരിച്ചു. പ്രതി മുദീന മന്‍സിലില്‍ ഷാജഹാനെ (63) നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. ശനിയാഴ്ച കൊല്ലം മഹാദേവര്കുന്നിലായിരുന്നു സംഭവം. ഈ വിഷയത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ കോണ്‍ഗ്രസ് ആണെന്നുമായിരുന്നു കൊലയ്ക്കു തൊട്ടുപിന്നാലെ ബേബിയുടെ പോസ്റ്റ്.
ഈ പോസ്റ്റിനെ പിന്തുണയ്ക്കാന്‍ സിപിഎം അംഗങ്ങള്‍ പോലും തയാറായില്ലെന്നതും ശ്രദ്ധേയമാണ്. പലരും ബേബിക്കെതിരേ രൂക്ഷവിമര്‍ശനമാണ് നടത്തുന്നത്. അതില്‍ ചിലതിങ്ങനെ-
മിസ്റ്റര്‍ ബേബി. ആ ഫോണ്‍ എടുത്തു പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വിവരങ്ങള്‍ അന്വേഷിക്കാനുള്ള പക്വത കാണിക്ക്. അല്ലാതെ പോരാളി ഷാജിയെ പോലെ കിട്ടിയ പാടെ ഇങ്ങനെ തള്ളാതെ
എന്റെ നാട്ടുകാരനാണ് കൊല്ലപ്പെട്ട ഈ സഗാവ്.അയാള്‍ ഒരു മരച്ചീനി കച്ചവടക്കാരന് ആണ്.മറ്റൊരു സഗാവുമായി മദ്യപിച്ചു വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് കത്തിക്കുത്തു നടക്കുകയും ചെയ്തു.ഇതേ തുടര്‍ന്നാണ് ആ വയോധികന് മരിച്ചത്.ഈ കൊല കേസിലെ പ്രതി സിപിഎം അനുഭാവിയാണ്. വെറുതെ നുണ പ്രചരിപ്പിച്ചു താങ്കളുടെ ഉള്ള വിലയും നിലയും കൂടി കളയാതിരിക്കുക മിസ്റ്റര്‍ ബേബി.
അതേസമയം കൊലപാതകത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- ഇരട്ടപ്പേരു വിളിച്ച് ഷാജഹാന് കളിയാക്കിയതു ബഷീര്‍ ചോദ്യം ചെയ്തു. ഇതു പിന്നീട് അസഭ്യം വിളിയിലെത്തി. ഇതിനിടെ, ഷാജഹാനെ ബഷീര്‍ കല്ലെറിഞ്ഞു. ഇവിടെനിന്നു പോയ ബഷീറിനെ പിന്നാലെയെത്തിയ ഷാജഹാന് കത്തി കൊണ്ടു കുത്തുകയായിരുന്നു.
9 തവണ കുത്തേറ്റ ബഷീര്‍ താലൂക്ക് ആശുപത്രിയില്‍വച്ചു മരിക്കുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍. അവിവാഹിതനായ ബഷീര്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗമാണ്. സഹോദരനെ കുത്തിപ്പരുക്കേല്‍പിച്ച കേസിലും ഷാജഹാന് പ്രതിയാണ്. സിഐ വി.എസ്.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കൊലപാതകത്തില്‍ പ്രതിഷേധിച്ചു സിപിഎം ഞായറാഴ്ച ചിതറ പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.