പാക് സൈന്യത്തിന് പിടിയില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാന്റെ കൊമ്പന്മീശ ഫാഷന്‍ ലോകത്ത് ട്രെന്‍ഡാകുന്നു. ഇന്ത്യയില്‍ മാത്രമല്ല പ്രവാസ ലോകത്തും മാത്രമല്ല, സാമൂഹിക മാധ്യമങ്ങളിലും ഇപ്പോള്‍ ട്രെന്‍ഡ് അഭിനന്ദന് മീശയാണ്.
രണ്ടു കൃതാവിന്റെയും സമീപത്ത് മുനയോടെ അവസാനിക്കുന്ന വിധത്തിലുള്ള മീശയാണ് അഭിനന്ദന് വര്‍ധമാന്റേത്. ബോളിവുഡ് താരങ്ങള്‍ക്കും ക്രിക്കറ്റ് താരങ്ങള്‍ക്കും ലഭിക്കുന്നതിനേക്കാള്‍ സ്വീകാര്യതയാണ് അഭിനന്ദന് മീശയ്ക്കു ലഭിക്കുന്നത്. അഭിനന്ദന്റെ ധീരതയുടെയും ആത്മവിശ്വസത്തിന്റെയും ചിഹ്നം കൂടിയാണ് ഈ മീശ എന്നാണ് വിദഗ്ധര്‍ പറയുന്നത്. 18-19 നൂറ്റാണ്ട് കാലത്തെ ചില ബ്രിട്ടീഷ് കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുന്നതാണ് ഈ മീശ.
ആ മുഖത്ത് വരുന്ന ചിരിയോ, ദൃഢനിശ്ചയമോ മറച്ചുവയ്ക്കുന്ന രീതിയില്‍ അല്ല ആ മീശ. പൊതുവില്‍ ഇത്തരം മീശയ്ക്ക് ഗണ്‍സ്ലിഞ്ചര്‍ എന്നാണ് വിശേഷിപ്പിക്കുക. അമേരിക്കയിലെ പോലീസുകാരും, പട്ടാളക്കാരും ഇത്തരം മീശ പരീക്ഷിക്കുന്നവരാണ്. അഭിനന്ദന്റെ ധീരതയും ആത്മവിശ്വസവും പ്രകടമാവുന്നതാണ് അദ്ദേഹത്തിന്റെ മീശയെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെടുന്നത്.
സാമൂഹിക മാധ്യമങ്ങളില്‍ പെണ്‍കുട്ടികളും കുഞ്ഞുങ്ങളും വരെ അഭിനന്ദന് മീശ വച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. ഫേസ്ബുക്കിലും ട്വിറ്ററിലും ടിക് ടോക്കിലും തുടങ്ങി എല്ലാ സാമൂഹിക മാധ്യമങ്ങളിലും പെണ്‍കുട്ടികളും യുവാക്കളും കുഞ്ഞുങ്ങളും വരെ കൊമ്പന് മീശ കൃത്രിമമായി വച്ചും ഫോട്ടോഷോപ്പ് ചെയ്തും ഉപയോഗിച്ച് ചിത്രങ്ങളെടുത്ത് പോസ്റ്റ് ചെയ്യുന്നുണ്ട്.
അഭിനന്ദന്റെ മീശ മാത്രമല്ല ആ പേരും ഇപ്പോള്‍ ട്രെന്‍ഡാണ്. രാജസ്ഥാനിലെ ദമ്പതികള്‍ തങ്ങള്‍ക്ക് പിറന്ന കുട്ടിക്ക് നല്‍കിയത് അഭിനന്ദന് എന്ന പേരാണ്. രാജസ്ഥാന് ദമ്പതികള്‍ മാത്രമല്ല നിരവധി പേര് കുട്ടികളുടെ പേരിടുന്നത് ഇപ്പോള്‍ അഭിനന്ദന് എന്നാണ്. ബ്യൂട്ടി ഷോപ്പുകളില്‍ അഭിനന്ദന് മീശയ്ക്കായി നിരവധിയാളുകള്‍ എത്തുന്നുണ്ടെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.