ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മാലിന്യം ആശുപത്രി പരിസരത്ത് കുഴിച്ചു മൂടുന്പോഴും മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണം എങ്ങുമെത്തിയില്ല. കരാർ തുകയിൽ 30 ലക്ഷം കൈപ്പറ്റിയിട്ടും ഒരു ഷെഡിൽ ഒതുക്കി പ്ലാന്റ്. ജൈവ, പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കാൻ ഉദ്ദേശിച്ച പദ്ധതിയാണ് പാതി വഴിയിൽ നിലച്ചത്.
ആശുപത്രിയിൽ ഏറ്റവും അത്യാവശ്യം വേണ്ടതായ സംസ്കരണ പ്ലാന്റ് നിർമാണത്തിൽ അധികൃതർക്കും താൽപര്യക്കുറവ്. മെഡിക്കൽ കോളജ് വളപ്പിൽ നഴ്സിംഗ് ഹോസ്റ്റലിന്റെ തൊട്ടുപിന്നിലാണ് പ്ലാന്റ് നിർമാണം ആരംഭിച്ചത്. 50 ലക്ഷം രൂപയായിരുന്നു ആദ്യ കരാർ തുക.
എന്നാൽ ഉടന്പടിയുണ്ടായി രണ്ടു വർഷം പിന്നിട്ട ശേഷമാണ് നിർമാണം ആരംഭിച്ചതെന്നും അന്ന് ഉണ്ടായിരുന്ന വിലയും തൊഴിലാളി വേതനവും അല്ല ഇന്നുള്ളതെന്നും അതിനാൽ കരാർ തുക കൂട്ടിത്തരണമെന്നും തമിഴ്നാട് സ്വദേശിയായ കരാറുകാരൻ അധികൃതരോട് ആവശ്യപ്പെട്ടു.
ഇതനുസരിച്ച് 88 ലക്ഷം രൂപയായി തുക വർധിപ്പിച്ചു. മെഡിക്കൽ സർവീസ് കോർപറേഷനാണ് പണിയുടെ മേൽനോട്ടം വഹിക്കുന്നത്. ഇപ്പോൾ വരെ 30 ലക്ഷം രൂപ വരെ നൽകിയിട്ടും പ്ലാന്റിന്റെ നിർമാണം എങ്ങും എത്തിയില്ല. അലൂമിനിയം ഷീറ്റ് കൊണ്ട് ഒരു ഷെഡ് നിർമിക്കുകയും ഈ ഷെഡിനകത്ത് ഒരു പാനൽ ബോർഡ് മാത്രം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി പോലും ലഭിച്ചിട്ടില്ല.
അതേ സമയം ഇപ്പോഴും ആശുപത്രി മാലിന്യം പ്ലാസ്റ്റിക് കവറിലിട്ട് മണ്ണിട്ടുമൂടുകയാണ്. ഇത് വൻ പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്നുവെന്ന പരാതി ഉയരുന്പോഴും സംസ്കരണ പ്ലാന്റ്് നിർമാണം ഉൗർജിതമാക്കുന്നതിനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല.