റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ വ്യാപാരികൾക്ക് ഇരുട്ടടി. കഴിഞ്ഞ പ്രളയകാലത്ത് നഷ്ടമുണ്ടായ വ്യാപാരികൾക്കാണ് ഗ്രാമപഞ്ചായത്തിന്റെ നോട്ടീസ്.പ്രളയകാലത്ത് സ്ഥാപനങ്ങൾ അടച്ചിട്ടിരുന്ന വ്യാപാരികളാണ് നോട്ടീസിനേ തുടർന്ന് പ്രതിസന്ധിയിലായത്.
അടച്ചിട്ടിരുന്ന കാലയളവിലെ നികുതി ശേഖരണവുമായി ബന്ധപ്പെട്ടാണ് വ്യാപാരികൾക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. പ്രളയകാലത്തെ സേവനനികുതികൾ അടക്കം പഞ്ചായത്തിൽ വ്യാപാരികൾ അടയ്ക്കേണ്ട പണം എത്രയുംവേഗം നൽകണമെന്നതാണ് നിർദേശം. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വക കെട്ടിടം വാടകയ്ക്കെടുത്ത് പ്രവർത്തിക്കുന്ന വ്യാപാരികൾക്കാണ് നോട്ടീസ് ലഭിച്ചത്.
പഞ്ചായത്ത് ബസ് സ്റ്റാൻഡ്, പഴവങ്ങാടി പഞ്ചായത്ത് ഓഫീസ് കെട്ടിടം എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന 30 ൽ താഴെ വ്യാപാരികൾക്കു നോട്ടീസ് ലഭിച്ചു. പ്രളയകാലത്തെ ആറുമാസത്തേക്ക് വാടക ഒഴിവാക്കി നൽകണമെന്ന് വ്യാപാരികൾ പഞ്ചായത്തിന് കത്തു നൽകിയിരുന്നു. ഇതനുസരിച്ച് മൂന്നുമാസത്തേക്ക് ഇളവ് നൽകി പഞ്ചായത്ത് തീരുമാനവുമെടുത്തു. എന്നാൽ നിലവിൽ മുഴുവൻ വാടകയും അടയ്ക്കണമെന്നും നികുതികൾ നൽകണമെന്നുമാണ് നോട്ടീസ്.
പഞ്ചായത്ത് തീരുമാനത്തിന് സർക്കാർ അനുമതി ലഭിക്കാതെ വന്നതോടെയാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് പറയുന്നു. ഇതിനെതിരെ പഞ്ചായത്തിൽ നാളെ പരാതി നൽകുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് സെക്രട്ടറി ജോസ് കെ. ഏബ്രഹാം അറിയിച്ചു. അനുകൂല തീരുമാനമുണ്ടാകുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.
ഓഗസ്റ്റ് 14 മുതലുള്ള മഹാപ്രളയത്തേ തുടർന്ന് ഏറ്റവുമധികം നഷ്ടമുണ്ടായവരാണ് റാന്നിയിലെ വ്യാപാരികൾ. കടകളിൽ വെള്ളം കയറിയതിനേ തുടർന്ന് സ്റ്റോക്ക് പൂർണമായി നഷ്ടപ്പെട്ടിരുന്നു. കടകൾ പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാൻ ഉടമകളും നന്നായി പണിപ്പെട്ടു. ഇപ്പോഴും തുറക്കാത്ത വ്യാപാരസ്ഥാപനങ്ങൾ ഏറെയാണ്.
മുന്നറിയിപ്പിലാതെ വെള്ളം ഇരച്ചുകയറിയതോടെ പഴവങ്ങാടി, അങ്ങാടി, റാന്നി ഗ്രാമപഞ്ചായത്തുകളിലുൾപ്പെടുന്ന റാന്നിയിലെ ബഹുഭൂരിഭാഗം കടകളും മുങ്ങിയിരുന്നു. ഇവയ്ക്കുണ്ടായ നഷ്ടം വളരെയേറെയാണ്.വ്യാപാരികൾക്ക് നഷ്ടപരിഹാരം പോലും സർക്കാരിൽ നിന്നു ലഭ്യമായിട്ടില്ല. ഇതിനിടെയാണ് വ്യാപാരസ്ഥാപനങ്ങൾക്ക് നികുതി കുടിശിക ആരോപിച്ച് നോട്ടീസ് അയച്ചിരിക്കുന്നത്.
നോട്ടീസിൻമേൽ തത്കാലം നികുതി അടയ്ക്കേണ്ടതില്ലെന്ന വ്യാപാരികളുടെ നിലപാട്. പ്രളയത്തേ തുടർന്ന് അടച്ചിട്ട മൂന്നുമാസത്തേക്ക് എന്തായാലും പഞ്ചായത്ത് കുടിശിക നൽകാനാകില്ലെന്നും അവർ പറഞ്ഞു. പ്രളയത്തിലായ വ്യാപാരമേഖലയെ രക്ഷപെടുത്താനായി പ്രഖ്യാപിച്ച ഉജ്ജീവനം അടക്കമുള്ള പദ്ധതികളും പാതിവഴിയിലാണ്.