ആലുവ: മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്തേക്ക് സന്ദർശക പ്രവാഹം. പൊതുഅവധികൾ തുടർച്ചയായി വന്നതിനാൽ കുടുംബസമേതമാണ് ശിവരാത്രിത്തലേന്ന് പലരും എത്തിയത്. ഇന്ന് രാത്രി പത്തിന് ആരംഭിക്കുന്ന ബലിതർപ്പണത്തോടെ തീർഥാടകപ്രവാഹം പാരമ്യത്തിലെത്തും. കുംഭമാസത്തിലെ വാവ് ആറാം തിയതി ആയതിനാൽ ബലിതർപ്പണം മൂന്നു ദിവസം നീണ്ടുനിൽക്കും.
ദേവസ്വം ബോർഡ്, അദ്വൈതാശ്രമം, നഗരസഭ എന്നിവയുടെ നേതൃത്വത്തിൽ പെരിയാറിന്റെ ഇരുകരകളിലുമായി ബലിതർപ്പണത്തിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ശിവരാത്രിയാഘോഷത്തോടനുബന്ധിച്ച് വ്യാപാര സ്റ്റാളുകൾ സജീവമായി. അമ്യൂസ്മെന്റ് പാർക്ക് ഇന്ന് പ്രവർത്തനം ആരംഭിക്കും. മണപ്പുറത്ത് എത്തുന്നവർക്കും സാധന സാമഗ്രികൾക്കുമായി 1.5 കോടി രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷയുടെ ഭാഗമായി 1500 ഓളം പോലീസുകാരെ ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ വിന്യസിക്കും. സിസിടിവി, ടവറുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. മണപ്പുറത്ത് സ്ഥാപിച്ച താത്കാലിക നഗരസഭാ ഓഫീസിൽ ഇന്ന് വൈകിട്ട് ആറിന് പ്രത്യേക കൗൺസിൽ യോഗം ചേരും.
മണപ്പുറത്ത് ഇരു കാറ്റഗറികളിലായി 200 ഓളം ബലിത്തറകളാണ് ദേവസ്വം ബോർഡ് അനുവദിച്ചിട്ടുള്ളത്. വ്യാജ പുരോഹിതരെ തടയാനും ബോർഡ് നടപടിയെടുത്തിട്ടുണ്ട്. തർപ്പണത്തിന് 75 രൂപയാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. കൂടുതൽ തുക വാങ്ങുന്നവരെ കണ്ടെത്താൻ വിജിലൻസിനും പോലീസിനും നിർദേശം നൽകിയിട്ടുണ്ട്. മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ തന്ത്രിയുടെയും മേൽശാന്തിയുടെയും നേതൃത്വത്തിൽ രാത്രി പ്രത്യേക പൂജകൾക്ക് ശേഷമായിരിക്കും ഔദ്യോഗികമായി ബലിതർപ്പണം ആരംഭിക്കുക.
അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ധർമ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ബലി തർപ്പണം നടക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തേതു പോലെ ഇക്കുറിയും മണപ്പുറത്ത് ഹരിത ശിവരാത്രിയാണ്. ശിവരാത്രിയോടനുബന്ധിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന വ്യാപാരമേളക്കും ദൃശ്യോത്സവത്തിനും നഗരസഭ ആതിഥേയത്വം വഹിക്കും. വ്യാപാരമേളയിൽ 40 സ്റ്റാളുകളും നൂറുകണക്കിനു ചെറുകിട കച്ചവടക്കാരും ഉണ്ടാകും. വ്യാപാരമേളയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനായി അമ്യൂസ്മെന്റ് പാർക്ക് ഉണ്ടാകും.