ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സൈനിക വേഷത്തിലെത്തിയ ബിജെപി നേതാവ് മനോജ് തിവാരിക്കെതിരേ രൂക്ഷമായ വിമർശനം. ഡൽഹിയിൽ ബിജെപി സംഘടിപ്പിച്ച വിജയ് സങ്കൽപ്പ് ബൈക്ക് റാലിയിലാണ് ഡൽഹി ബിജെപി അധ്യക്ഷനും എംപിയുമായ മനോജ് തിവാരി സൈനിക വേഷത്തിൽ എത്തിയത്. ജീവൻ പണയം വെച്ച് സൈന്യം അതിർത്തിയിൽ നടത്തിയ പോരാട്ടങ്ങളെ ബിജെപി രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് തൃണമൂൽ എംപി ഡെറിക് ഒബ്രെയിൻ ട്വിറ്ററിൽ കുറിച്ചു.
ജവാന്മാരെ മുൻനിർത്തി ബിജെപി രാഷ്ട്രീയം കളിക്കുന്നു, എന്നിട്ട് രാജ്യസ്നേഹത്തെ പറ്റി പ്രസംഗിക്കുകയാണെന്നും തൃണമൂൽ എംപി വിമർശിച്ചു. പുൽവാമ ആക്രമണത്തിന് പിന്നാലെ മനോജ് തിവാരി അലാഹാബാദിലെ ഒരു സംഗീത പരിപാടിയിൽ പങ്കെടുത്തതും വലിയ വിവാദമായിരുന്നു. റാലിയിൽ പങ്കെടുക്കുന്നവരെ സൈനിക വേഷത്തിൽ അഭിസംബോധന ചെയ്യുന്നതിന്റെയും ബുള്ളറ്റിൽ റാലിയിൽ പങ്കെടുക്കുന്നതിന്റെയും ചിത്രങ്ങൾ മനോജ് തിവാരി തന്നെ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായതോടെ വിശദികരണവുമായി തീവാരി രംഗത്ത് എത്തി. താൻ സൈന്യത്തെയോർത്ത് അഭിമാനിക്കുന്നു, സൈന്യത്തോടുള്ള ഐക്യദാർണ്ഡ്യം പ്രഖ്യാപിച്ചാണ് താൻ സൈനിക വേഷത്തിലെത്തിയതെന്ന് മനോജ് തിവാരി പ്രതികരിച്ചു. ഇങ്ങനെയാണെങ്കിൽ നാളെ ഞാൻ നെഹ്റു ജാക്കറ്റ് ഇട്ടാൽ അത് നെഹ്റുവിനെ അപമാനിക്കുന്നതാണെന്ന് നിങ്ങൾ പറയുമല്ലോയെന്നും തിവാരി ട്വീറ്റ് ചെയ്തു.