സ്വന്തം ലേഖകൻ
തൃശൂർ: പ്രളയാനന്തര കേരളത്തിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പുനർനിർമിക്കുകയും നിർമിക്കാനിരിക്കുകയും ചെയ്യുന്ന വീടുകളുടേയും കെട്ടിടങ്ങളുടേയും നിർമിതിയിൽ സിവിൽ എൻജിനീയറിംഗിലെ സ്ട്രക്ചറൽ എൻജിനീയറിംഗിന് പ്രാധാന്യമേറെ.
പലപ്പോഴും ചെറിയ നിർമാണ പ്രവർത്തനങ്ങളിൽ സ്ട്രക്ചറൽ എൻജിനീയറിംഗിന് പ്രാധാന്യം നൽകാതിരിക്കുന്ന പ്രവണതയാണ് കാണുന്നതെങ്കിലും പ്രളയം തകർത്ത കേരളത്തിൽ കെട്ടിട നിർമാണം നടത്തുന്പോൾ സ്ട്രക്ചറൽ എൻജിനീയറിംഗിന് പ്രാമുഖ്യം നൽകണമെന്ന് അബുദാബിയിൽ എൻജിനീയറിംഗ് കണ്‍സൾട്ടൻസി സ്ഥാപനം നടത്തുന്ന തൃശൂർക്കാരനായ അബ്ദുൾ അസീസ് നിർദ്ദേശിക്കുന്നത്.
നിർമാണ സാമഗ്രികളുടെ അമിതോപയോഗം ഒഴിവാക്കി ചെലവു കുറച്ച് പ്രളയാനന്തര പുനർനിർമിതി സ്ട്രക്ചറൽ എൻജിനീയറിംഗ് വഴി സാധ്യമാക്കാമെന്ന് അബ്ദുൾ അസീസ് പൊന്നാനി ഉറപ്പിച്ചു പറയുന്നു. കെട്ടിടത്തിന് ആത്മാവ് കൊടുക്കുന്ന ജോലിയാണ് ഒരു സ്ട്രക്ചറൽ എൻജിനീയറുടേതെന്നും ഒരു കെട്ടിട നിർമാണത്തിന് ആവശ്യമായ കോണ്‍ക്രീറ്റ്, കന്പി, എന്നിവയുടെ അളവുകൾ നിശ്ചയിക്കുന്നത് സ്ട്രക്ചറൽ എൻജിനീയറാണെന്നും അബ്ദുൾ അസീസ് ഓർമിപ്പിക്കുന്നു.
കൊടുങ്കാറ്റിനേയും ഭൂകന്പത്തേയും അതിജീവിക്കാനുള്ള കെട്ടിടം പണിയാൻ സ്ട്രക്ചറൽ എൻജിനീയർമാരുടെ സേവനം അത്യാവശ്യമാണ്.നിർമാണ വസ്തുക്കൾ ഏറ്റവും കുറഞ്ഞ അളവിൽ ഉപയോഗിച്ച് അതുവഴി ചെലവ് കുറച്ച് ഗുണമേൻമയുള്ള കെട്ടിടം നിർമിക്കുകയെന്ന പ്രധാനപ്പെട്ട ദൗത്യമാണ് ഇവർക്ക് നിർവഹിക്കാനുള്ളത്.
പ്രളയം തകർത്ത കേരളത്തിൽ സ്ട്രക്ചറൽ എൻജിനീയർമാരുടേയും സ്ട്രക്ചറൽ എൻജിനീയറിംഗിന്റെയും സേവനം ശരിയാംവിധം ഉപയോഗപ്പെടുത്തിയാൽ പുനർനിർമിതി കുറേക്കൂടി കാര്യക്ഷമമാക്കാനാകുമെന്നാണ് അബ്ദുൾ അസീസ് ചൂണ്ടിക്കാട്ടുന്നത്.
കൂടുതൽ നിർമാണസാമഗ്രികൾ ഉപയോഗിച്ചാൽ കെട്ടിടത്തിന് കൂടുതൽ ബലം കിട്ടുമെന്ന ധാരണ തെറ്റാണ്. ഗൾഫിലും മറ്റും സ്ട്രക്ചറൽ എൻജിനീയറിംഗ് അനുസരിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ വ്യാപകമാണ്. പണിക്കൂലിക്ക് പുറമെ സമയലാഭവും നേട്ടമാണ്.
ഇരുപത് വർഷമായി അബുദാബിയിൽ എൻജിനീയറിംഗ് കണ്‍സൾട്ടൻസി നടത്തുന്ന അബ്ദുൾ അസീസ് പൊന്നാനിക്ക് നവകേരള സൃഷ്ടിയിൽ സ്ട്രക്ചറൽ എൻജിനീയറിംഗ് വലിയൊരു മാറ്റം സൃഷ്ടിക്കുമെന്ന വിശ്വാസമുണ്ട്.സ്ട്രക്ചറൽ എൻജിനീയറിംഗിനെക്കുറിച്ചും ചെലവുകുറച്ചുള്ള കണ്സ്ട്രക്ഷനെക്കുറിച്ചും ഏതു നിർദ്ദേശവും ഉപദേശവും സർക്കാരിന് നൽകാൻ അബ്ദുൾ അസീസ് ഒരുക്കമാണ്.
കേരളത്തിൽ ഇപ്പോൾ നിർമിച്ചിട്ടുള്ള പല കെട്ടിടങ്ങളും സ്ട്രക്ചറൽ എൻജിനീയറിംഗ് അനുസരിച്ച് പണിതിരുന്നുവെങ്കിൽ നിർമാണ ചിലവ് വളരെയേറെ കുറയ്ക്കാമായിരുന്നുവെന്നും സൗകര്യങ്ങൾ കുറേക്കൂടി വർധിപ്പിക്കാമായിരുന്നുവെന്നും അബ്ദുൾ അസീസ് വിലയിരുത്തുന്നു.
പറ്റിയ തെറ്റുകൾ ഇനിയും ആവർത്തിക്കാതിരിക്കാൻ നവകേരള സൃഷ്ടിയിൽ സ്ട്രക്ചറൽ എൻജിനീയറിംഗിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും അബുദാബിയിലെ ഗ്രോമോർ ഇന്റർനാഷണൽ എൻജിനീയറിംഗ് കണ്‍സൾട്ടൻസി ഉടമയായ അബുദൾ അസീസ് ഓർമിപ്പിക്കുന്നു.സ്ട്രക്ചറൽ എൻജിനീയറിംഗിനെക്കുറിച്ച് കൂടുതലറിയാൻ അബ്ദുൾ അസീസിന്റെ ഇ മെയിൽ വിലാസം: [email protected]