റസാക്ക് കേച്ചേരി
കേച്ചേരി: വിദ്യാലയത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളുടെയും, അധ്യാപകരുടെയും രക്ഷിതാക്കളുടെയും കഥ പറയുന്ന ’കൂട്ടമണി’ എന്ന കുട്ടികളുടെ സിനിമ പ്രദർശനത്തിന് തയാറായി. സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ സംരക്ഷണയജ്ഞം പരിപാടിക്ക് ഊന്നൽ നൽകി നിർമിച്ച കൂട്ടമണി വർത്തമാന സാമൂഹ്യ പ്രശ്ങ്ങളിലേക്കും മിഴി തുറക്കുന്നുണ്ട്. ഒരു കർഷകന്റെയും അയാളുടെ കുടുംബത്തിന്റേയും കഥകൂടിയാണ് കൂട്ടമണി.
അധ്യയനദിവസാരംഭത്തിലെ ആദ്യമണി മുതൽ കൂട്ടമണിവരെയുള്ള വ്യത്യസ്ത കാഴ്ചകളാണ് ചിത്രം അനാവരണം ചെയ്യുന്നത്. 84-ാം വാർഷികം ആഘോഷിക്കുവാൻ തയാറെടുക്കുന്ന എളവള്ളി പഞ്ചായത്തിലെ വാക മാലതി യുപി സ്കൂൾ ഇതാദ്യമായാണ് അധ്യാപക -രക്ഷാകർത്തൃ സമിതിയുടെയും വിദ്യാർഥികളുടെയും പൂർവ വിദ്യാർഥികളുടെയും സഹകരണത്തോടെ അരമണിക്കൂർ നീളുന്ന ഹ്രസ്വചിത്രം നിർമിക്കുന്നത്.
സ്കൂളിലെ അറബി-സംസ്കൃതം അധ്യാപികമാരായ ഷംനയും നിഷയും ചേർന്ന് നിർമിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരു നാടൻ കവിതയും രചിച്ചിരിക്കുന്നത് പാലക്കാട് വിക്ടോറിയ കോളജ് അസിസ്റ്റന്റ് പ്രഫസറായ ഉണ്ണികൃഷ്ണൻ തെക്കേപ്പാട്ടാണ്. ബാബു വാകയാണ് സംവിധായകൻ. അരുണ് ഛായാഗ്രഹണവും സജീഷ് നന്പൂതിരി ചിത്രസംയോജനവും നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് മുരളി പുറനാട്ടുകര, ഭാസി പാങ്ങിൽ, യതീന്ദ്രദാസ് തൃക്കൂർ എന്നിവരാണ്.
വിനോദ്കുമാർ തൃശൂർ, സുനിത വാക എന്നിവർ സംഗീതവും സഹോദരന്മാരായ നിതിൻ സി. ബാബു, നിഖിൽ സി. ബാബു എന്നിവർ പശ്ചാത്തല സംഗീതവുമൊരുക്കുന്നു. ഉണ്ണി അരിയന്നൂർ, വേണു ചാഴൂർ, ലേഖ ദിലീപ്കുമാർ, മഞ്ജു സുഭാഷ്, ജയശ്രീ, ഷംന, ശിവദാസ് വാക, ഗോപു മൂക്കോല, രവീന്ദ്രൻ കെ. മേനോൻ, റസാക്, മുഹമ്മദ്, ഷിജു എന്നിവരും മാലതി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളുമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്്.
വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് മുരളി പെരുനെല്ലി എംഎൽഎയ്ക്ക് സിഡി നൽകി കൂട്ടമണിയുടെ ആദ്യപ്രദർശനം ഉദ്ഘാടനം ചെയ്തു. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് യു.കെ. ലതിക, വൈസ് പ്രസിഡന്റ് ടി.ഡി. സുനിൽ, പഞ്ചായത്തംഗം കെ.ഒ. ബാബു, ബ്ലോക്ക് പഞ്ചായത്തംഗം ഷാജു, ഉണ്ണികൃഷ്ണൻ തെക്കേപ്പാട്ട് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.മുഴുവൻ വിദ്യാലയങ്ങളിലും കൂട്ടമണി പ്രദർശിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് സ്കൂൾ അധികൃതർ.