കൊല്ലം : സ്വയം നിയന്ത്രിച്ച് ജലം ഉപയോഗിക്കാന്‍ ശീലിച്ചാല്‍ ക്ഷാമകാലത്തെ നേരിടല്‍ എളുപ്പമാകുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പറഞ്ഞു. കൊല്ലം കോര്പറേഷന് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജല അതോറിറ്റി വഴി സാമ്പത്തികമായി പിന്നാക്കമുള്ളവര്‍ക്ക് നല്കുന്ന ഗാര്‍ഹിക കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ്ബില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പതിനായിരം കുടുംബങ്ങള്‍ക്കാണ് പുതുതായി കുടിവെള്ളം ലഭ്യമാക്കുന്നത്. ഇതിന്റെ ഇരട്ടി പേര്‍ക്ക് വരും വര്‍ഷം കണക്ഷന് നല്‍കുകയുമാണ്. കുടിവെള്ള ദൗര്‍ലഭ്യത്തിന്റെ തോത് കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ജില്ലയില്‍ കാഷ്യൂ മ്യൂസിയം സ്ഥാപിക്കുന്നതിനായി സാധ്യതാ പഠനം നടത്തും. പുരാവസ്തു മ്യൂസിയത്തിന് അനുമതിയായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തുറമുഖ വികസനം ലക്ഷ്യമാക്കി ജില്ലയില്‍ പോര്‍ട്ട് കോണ്‍ക്ലേവ് നടത്തുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ എം. എ. സത്താര്‍, എസ്. ഗീതാകുമാരി, ചിന്ത എല്‍. സജിത്ത്, വി. എസ്. പ്രിയദര്ശനന്, ഷീബ ആന്റണി, ടി.ആര്. സന്തോഷ് കുമാര്‍, കൗണ്‍സിലര്‍മാരായ എന്‍. മോഹനന്, എ.കെ. ഹഫീസ്, സെക്രട്ടറി വി. ആര്. രാജു, തുടങ്ങിയവര്‍ പങ്കെടുത്തു.