സംഘർഷം തുടരുന്ന ഇന്ത്യ-പാക് അതിർത്തിയിൽ പോയി ആരുടെയെങ്കിലും തോക്ക് പിടിച്ചുവാങ്ങി എന്തെങ്കിലും ചെയ്യാൻ താൻ ആഗ്രഹിക്കുന്നെന്ന് ബോളിവുഡ് നടി കങ്കണ റണൗത്. ശനിയാഴ്ച ഇന്ത്യ ടുഡേ കോണ്‍ക്ലേവിൽ സംസാരിക്കവെയായിരുന്നു കങ്കണയുടെ പരാമർശം. ബോളിവുഡിലെ സഹപ്രവർത്തകരെ രാജ്യദ്രോഹികൾ എന്ന് കങ്കണ അഭിസംബോധന ചെയ്യുകയും ചെയ്തു.
പുൽവാമ ഭീകരാക്രമണത്തിൽ സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടതിനു പിന്നാലെ പാക്കിസ്ഥാനെ തകർക്കണമെന്ന ആഹ്വാനവുമായി കങ്കണ രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തോടു പ്രതികരിക്കവെയാണ് തന്റെ മുൻ പരാമർശത്തെ പ്രതിരോധിച്ച് നടി രംഗത്തെത്തിയത്.
“അത്തരം ഞെട്ടിക്കുന്ന സംഭവങ്ങൾ (പുൽവാമ ആക്രമണം) നടന്നുകഴിയുന്പോൾ എല്ലാവർക്കും തോന്നുന്ന അതേവികാരം തന്നെയാണു താനും പ്രകടിപ്പിച്ചത്. നമ്മുടെ ബോധമണ്ഡലത്തിൽ ഏറ്റ ആഴമേറിയ മുറിവും മുറിപ്പാടുമായിരുന്നു ആ സംഭവം. ആ സംഭവത്തിന്റെ ക്രൂരത എന്നെ ഉലച്ചുകളഞ്ഞു. അതിർത്തിയിലേക്കു പോയി ആരുടെയെങ്കിലും തോക്ക് പിടിച്ചുവാങ്ങി ആവശ്യമായത് ചെയ്യണമെന്നാണ് എന്റെ മനസ് പറഞ്ഞത്- കങ്കണ പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ രണ്ടുവട്ടം ആലോചിക്കേണ്ട ആവശ്യമില്ലെന്നും മനസ് പറയുംപോലെ ചെയ്യണമെന്നും നടി പറഞ്ഞു’.