പടന്ന: യാത്രയയപ്പ് ചടങ്ങിൽ നിന്നും പോയത് മരണത്തിലേക്കാണെന്ന് വിശ്വസിക്കാൻ കഴിയാതെ അൽത്താഫിന്റെ കൂട്ടുകാർ. രണ്ടു വർഷം ഒരേ ക്ളാസിൽ പഠിച്ചതിനു ശേഷം നടന്ന യാത്രയയപ്പ് യോഗം കഴിഞ്ഞ് യാത്രപറഞ്ഞത് ജീവിതത്തിൽ നിന്നുമാണെന്ന് സഹപാഠികൾ അറിഞ്ഞിരുന്നില്ല.
പടന്ന എംആർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു ബാച്ചിന്റെ യാത്രയയപ്പ് യോഗം കഴിഞ്ഞ ദിവസമായിരുന്നു. യോഗത്തിനു ശേഷം സുഹൃത്തുക്കൾക്കൊപ്പം കാറിൽ യാത്രപോയി പയ്യന്നൂരിൽ നിന്നും തിരിച്ച് വരുമ്പോൾ രാത്രി 9.45 ഓടെ തൃക്കരിപ്പൂർ ഒളവറ റേഷൻ ഷോപ്പ് സ്റ്റോപ്പിന് സമീപം കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചായിരുന്നു അപകടം. കാറിന്റെ പിൻഭാഗത്തായിരുന്ന അൽത്താഫിന് തലയിലായിരുന്നു ഗുരുതര പരിക്കേറ്റത്.
ഒപ്പമുണ്ടായിരുന്നവരെ പയ്യന്നൂർ സഹകരണ ആശുപത്രിയിലും അൽത്താഫിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓപ്പറേഷന് വിധേയനായ അൽത്താഫിനെ തിരിച്ചു കിട്ടാൻ കൂട്ടുകാരും ബന്ധുക്കളും ഉള്ളുരുകി പ്രാർഥിക്കുന്നിനിടയിൽ ഇന്നലെ മരിച്ച വിവരമാണ് ലഭിച്ചത്.
പടന്ന എംആർവി സ്കൂളിൽ പൊതു ദർശനത്തിന് വെച്ച മൃതദേഹത്തിൽ സഹപാഠികളും അധ്യാപകരും നാട്ടുകാരും മത,സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരും അന്ത്യോപചാരം അർപ്പിച്ചു.എം. രാജഗോപാലൻഎംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഫൗസിയ, ടി.എം.സി. കുഞ്ഞബ്ദുള്ള ഹാജി, എം.സി. ഖമറുദ്ദീൻ, ടി.പി. കുഞ്ഞബ്ദുള്ള, വി.കെ.പി. ഹമീദലി, കെ.സി. മുഹമ്മദ് കുഞ്ഞി ഹാജി, പി.വി. മുഹമ്മദ് അസ്ലം, പി.കെ. ഫൈസൽ തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കാൻ എത്തി. പടന്ന കാലിക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കിയത് .