ന്യൂഡൽഹി: വ്യോമാക്രമണങ്ങളെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കരുതെന്ന മുന്നറിയിപ്പുമായി രഹസ്യാന്വേഷണ ഏജൻസി മുൻ മേധാവി. വ്യോമാക്രമണത്തിൽനിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ പാർട്ടികൾ ശ്രമിക്കരുതെന്നും ഇങ്ങനെ സംഭവിച്ചാൽ അത് രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നും റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് മുൻ മേധാവി എ.എസ്. ദുലത് പറഞ്ഞു.
കഴിഞ്ഞ മാസം പാക്കിസ്ഥാനിലെ ബാലക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ “250 ഭീകരരെ വധിച്ചതിന്റെ’ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നൽകി ബിജെപി അധ്യക്ഷൻ അമിത് ഷാ രംഗത്തെത്തിയതിനു പിന്നാലെയാണ് ദുലതിന്റെ മുന്നറിയിപ്പ്. ദേശസുരക്ഷയുടെ വിഷയങ്ങളിൽ രാഷ്ട്രീയം പാടില്ല. രാഷ്ട്രീയത്തിനോ തെരഞ്ഞെടുപ്പിനോ വേണ്ടി രാജ്യത്തിന്റെ സുരക്ഷയെ ഉപയോഗിക്കാൻ പാടില്ല- ദുലത് എൻഡിടിവിയോടു പറഞ്ഞു.
മുൻ പ്രധാനമന്ത്രിമാരെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരവാദത്തെ കൈകാര്യം ചെയ്തു പരാജയപ്പെട്ടെന്നും പാക്കിസ്ഥാനുമായി ചർച്ചകളല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും കഴിഞ്ഞ ദിവസം ദുലത് പറഞ്ഞിരുന്നു. കാഷ്മീർ പ്രശ്നത്തിനു സൈനിക നടപടി പരിഹാരമല്ലെന്നും കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ കാഷ്മീരിലെ സാഹചര്യങ്ങൾ തകിടംമറിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.